Jump to content

സച്ചിൻ ദേവ് ബർമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sachin Dev Burman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സച്ചിൻ ദേവ് ബർമ്മൻ
শচীন দেববর্মণ (শচীন কর্তা)
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നബർമ്മൻ ദാ, കുമാർ സച്ചിൻദേവ് ബർമ്മൻ,സച്ചിൻ കർത്താ, എസ്.ഡി ബർമ്മൻ
ജനനം(1906-10-01)1 ഒക്ടോബർ 1906
Comilla, Tripura, (Present-day Bangladesh)
മരണം31 ഒക്ടോബർ 1975(1975-10-31) (പ്രായം 69)
മുംബൈ
വിഭാഗങ്ങൾPlayback singing
തൊഴിൽ(കൾ)സംഗീതസംവിധായകൻ. ഗായകൻ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1933–1975
Spouse(s)മീരാ ദേവ് ബർമ്മൻ, (1911–2007)

പ്രശസ്ത ഇന്ത്യൻ സംഗീതസംവിധായകനാണ് സച്ചിൻ ദേവ് ബർമ്മൻ (ഒക്ടോബർ 1 1906 - ഒക്ടോബർ 31 1975). മണിപ്പൂർ രാജകുമാരിയായിരുന്ന നിർമ്മലാദേവിയുടെയും ത്രിപുര മഹാരാജാവായിരുന്ന മഹാരാജാ ഇഷാചന്ദ്ര മാണിക്യദേവ് ബർമ്മന്റെ(r. 1849–1862) മകനായ നബദ്വിപ്ചന്ദ്ര ദേവ് ബർമ്മന്റെയും മകനായി, ഇന്നത്തെ ബംഗ്ലാദേശിൽ ഉൾപ്പെടുന്ന കൊമില്ല എന്ന ഗ്രാമത്തിൽ, 1906 ഒക്ടോബർ 1നാണ് സച്ചിൻ ദേവ് ബർമ്മൻ ജനിക്കുന്നത്. അഞ്ച് ആൺകുട്ടികളടക്കം ഒൻപത് മക്കളുണ്ടായിരുന്നു സച്ചിന്റെ മാതാപിതാക്കൾക്ക്. ഇവരിൽ ആൺമക്കളിൽ ഇളയവനായിരുന്നു സച്ചിൻ. പിതാവ് നബദ്വിപ് ചന്ദ്രദേവ് ബർമ്മൻ അക്കാലത്തെ പ്രശസ്ത സിത്താറിസ്റ്റും ധ്രുപദ് ഗായകനുമായിരുന്നു.

1931ൽ ബംഗാളി സിനിമകളിലൂടെയാണ് എസ്. ഡി ബർമ്മൻ തന്റെ സംഗീതജീവിതം തുടങ്ങുന്നത്. തുടർന്ന് ഹിന്ദി സിനിമയ്ക്കുവേണ്ടി സംഗീതസംവിധാനം തുടങ്ങുകയും ബോളിവുഡിലെ എണ്ണംപറഞ്ഞ സംഗീതസംവിധായകരിലൊരാളായിത്തീരുകയും ചെയ്തു. ഹിന്ദിയിലും ബംഗാളിയിലുമായി നൂറിലേറെ സിനിമകൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. മാത്രമല്ല ബംഗാളിയിൽ ധാരാളം അർദ്ധശാസ്ത്രീയഗാനങ്ങളും നാടോടിഗാനങ്ങളും പാടുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പുത്രനായ രാഹുൽദേവ് ബർമ്മൻ പ്രശസ്തനായ ഹിന്ദി സിനിമാസംഗീതസംവിധായകനാണ്.

എസ്. ഡി ബർമ്മൻ സംഗീതംപകർന്ന ഗാനങ്ങൾ പ്രധാനമായും പാടിയത് ലത മങ്കേഷ്കർ, മുഹമ്മദ് റഫി, ഗീതാ ദത്ത്, മന്നാഡേ, കിഷോർ കുമാർ, ഹേമന്ത്കുമാർ, ആശാ ഭോസ്‌ലേ, ഷംഷാദ് ബീഗം എന്നിവരാണ്. മുകേഷും തലത് മഹമൂദും ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടിയിട്ടുണ്ട്. കൂടാതെ താൻ ചിട്ടപ്പെടുത്തിയ14 ഹിന്ദി സിനിമാഗാനങ്ങളും 13 ബംഗാളി സിനിമാഗാനങ്ങളും എസ്. ഡി ബർമ്മൻ തന്നെ പാടിയിട്ടുമുണ്ട്.

വിദ്യാഭ്യാസം

[തിരുത്തുക]

അഗർത്തലയിലെ കുമാർ ബോർഡിംഗ് സ്കൂളിലായിരുന്നു എസ്.ഡി ബർമ്മന്റെ പ്രാഥമിക വിദ്യാഭ്യാസം. രാജകുടുംബാംഗങ്ങൾക്കും വലിയ പണക്കാർക്കും മാത്രം പഠിക്കാൻ കഴിയുന്ന, ഹാരോ, ഈറ്റൺ ബോർഡിംഗ് സ്കൂളുകൾ പോലെയുള്ള, ബോർഡിംഗ് സ്കൂളായിരുന്നു അത്. എന്നാൽ അധ്യാപകർക്ക്കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ അമിതമായി ലാളിക്കുന്നതിലാണ് ശ്രദ്ധ എന്നു മനസ്സിലാക്കിയ എസ്.ഡി ബർമ്മന്റെ പിതാവ് രാജാ നബദ്വീപ്ചന്ദ്ര ദേവ് ബർമ്മൻ മകനെ അവിടെനിന്നും മാറ്റി കോമില്ലയിലെ യൂസുഫ് സ്കൂളിൽ ചേർത്തു. അതിനുശേഷം കോമില്ല ജില്ലാസ്കൂളിൽ അഞ്ചാംതരത്തിലും ചേർത്തു. 1920ൽ തന്റെ 14ാം വയസ്സിൽ സച്ചിൻ മെട്രിക്കുലേഷൻ പൂർത്തിയാക്കി. പില്കാലത്ത് കോമില്ല വിക്ടോറിയ ഗവൺമെന്റ് കോളജ് എന്നറിയപ്പെട്ട വിക്ടോറിയ കോളജിൽ നിന്നും 1922ൽ ബി.എ ബിരുദം നേടി. തുടർന്ന് കൽക്കത്ത യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് ചേരാൻവേണ്ടി കൽക്കത്തയിലേക്ക് മാറി. അച്ഛൻ തന്നെയായിരുന്നു സച്ചിന്റെ ആദ്യത്തെ സംഗീതഗുരു. പിന്നീട് 1925 മുതൽ1930വരെയുള്ള കാലഘട്ടത്തിൽ, സംഗീത‍ജ്ഞനായ കെ.സി ഡേയിൽനിന്നും ഔപചാരികമായി സംഗീതമഭ്യസിച്ചിട്ടുണ്ട്. 1932ൽ തന്നെക്കാൾ മൂന്നുവയസ്സുമാത്രം മുതിർന്ന ഭീഷ്മദേവ് ചതോപാദ്ധ്യായയുടെ കീഴിൽ പരിശീലിച്ചു. ഉസ്താദ് ബർദൽ ഖാനിൽനിന്നും സംഗീതമഭ്യസിച്ചിട്ടുണ്ട്. ബംഗാളിൽ മുഴുക്കെ അലഞ്ഞുതിരിഞ്ഞുനടന്ന് വടക്കുകിഴക്കൻ ഇന്ത്യയിലെ നാടോടിസംഗീതത്തെപ്പറ്റി മനസ്സിലാക്കി. ഉസ്താദ് അഷ്താബുദ്ദീൻ ഖാനിൽനിന്നും ബാംസുരി പഠിച്ചു. പ്രശസ്ത ബംഗാളി കവി നസ്രുൾ ഇസ്ലാമുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

1920കളുടെ അവസാനത്തോടെ എസ്.ഡി ബർമ്മൻ കൽക്കത്ത റേഡിയോ നിലയത്തിൽ ഗായകനായി പ്രവേശിച്ചു. ബംഗാളി നാടോടിഗാനങ്ങളെയും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെയും അടിസ്ഥാനമാക്കി ധാരളം ഗാനങ്ങൾ ചിട്ടപ്പെടുത്തി. അദ്ദേഹത്തിന്റെ നാടോടിത്തനിമയുള്ള ഈണങ്ങൾ വളരെപ്പെട്ടെന്നുതന്നെ ബംഗ്ലാദേശിലും ഇന്ത്യയിലും പിന്നീട് ഒട്ടനവധി വിദേശരാജ്യങ്ങളിലും പടർന്നു പിടിച്ചു. 1932ൽ ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള തന്റെ ആദ്യത്തെ റെക്കോഡ് ബർമ്മൻ പുറത്തിറക്കി. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ബംഗാളിയിൽ 131 ഗാനങ്ങൾ അദ്ദേഹം പാടി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സച്ചിൻ_ദേവ്_ബർമ്മൻ&oldid=3952741" എന്ന താളിൽനിന്ന് ശേഖരിച്ചത്