Jump to content

രജപുത്രർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajput എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Maharana Pratap, a Sixteenth century Rajput ruler and great warrior of his time. Mughal emperor Akbar sent many missions against him; however, he survived and fought to his last breath. He ultimately gained control of all areas of Mewar, excluding the fort of Chittor.

ഇന്ത്യയിലെ പ്രധാന ഹിന്ദു ക്ഷത്രിയ സമുദായങ്ങളിൽ ഒന്നാണ് രജപുത്രർ. പുരാതന രാജകീയ യുദ്ധോന്മുഖ രാജവംശങ്ങളായ ക്ഷത്രിയരുടെ പിൻ‌ഗാമികളാണ് തങ്ങളെന്ന് രജപുത്രർ അവകാശപ്പെടുന്നു. പുരാതന ഇന്ത്യൻ സാഹിത്യത്തിലെ "രാജന്യ" എന്ന വാക്ക് രജപുത്രരെ കുറിക്കുന്നു എന്ന് കരുതപ്പെടുന്നു.രജപുത്രരുടെ വേരുകൾ രജപുത്താനയിൽ ആണ്. പുരാതന കാലത്ത് ഒരു രാജാവിന്റെ പുത്രനെ രാജ-പുത്രൻ അഥവാ രജപുത്രൻ എന്ന് വിശേഷിപ്പിച്ചിരുന്നു. രജപുത്രരിൽ വിവിധ ഗോത്രങ്ങൾ ഉൾപ്പെടുന്നു.

പുരാതന കാലം മുതൽക്കേ രജപുത്രർ അവരുടെ യുദ്ധനിപുണതയ്ക്കും ധൈര്യത്തിനും പ്രശസ്തരായിരുന്നു. ഇന്നും ഇവരെ മികച്ച പോരാളികളായി കരുതുന്നു. ഇന്ത്യൻ സൈന്യത്തിൽ രജപുത്രർക്ക് വലിയ പ്രാതിനിധ്യമുണ്ട്. മിക്ക രജപുത്രരും ഇന്ന് രാജസ്ഥാൻ, മധ്യപ്രദേശ്‌, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർ പ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ശ്രീരാമൻ രഘുവംശത്തിലെ അഥവാ സൂര്യവംശത്തിലെ ക്ഷത്രിയ രാജാവ് ആയിരുന്നു എന്നും ശ്രീരാമന്റെ പിന്തുടർച്ചക്കാരാണ് ഇന്ന് ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലെ രാജകുടുംബങ്ങൾ എന്നും കരുതുന്നു. ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ രജപുത്രരെ യോദ്ധാക്കളുടെ വംശമായി പരിഗണിച്ചു. ഉപഭൂഖണ്ഡത്തിന്റെ കൊളോണിയൽ കാലത്ത് ഇവരെ സൈന്യത്തിലേയ്ക്ക് നിയമിച്ചു.

രജപുത്രരുടെ ഉത്ഭവം

[തിരുത്തുക]

ടോഡ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ രജപുത്രരുടെ മുൻ ഗാമികൾ വിദേശാക്രമകാരികളുടെ വംശപരമ്പരയിൽ പെട്ടവരായിരുന്നു. ഡോക്ടർ വിന്സന്റ്റ് സ്മിത്ത്[1] തുടങ്ങിയ പല ചരിത്ര പണ്ഡിതരും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ക്രിസ്ത്വബ്ദം രണ്ടാം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടിലെ ഹൂണന്മാരുടെ ആക്രമണം വരെ പല വിദേശ ശക്തികളും ഇന്ത്യയിൽ വന്നു. അവരിൽ പലരും ഹിന്ദു മതം സ്വീകരിച്ചു ഇന്ത്യയിൽ താമസമാക്കി. അവരുടെ രാജ കുടുംബാംഗങ്ങളെ ക്ഷത്രിയരായിട്ടാണു കണക്കാക്കിയിരുന്നത്.ഇവർ കാലക്രമേണ രജപുത്രർ ആയി അറിയപ്പെട്ടു. [2]

രാഷ്ട്രീയ സാമൂഹിക ചരിത്രം

[തിരുത്തുക]

ഹർഷന്റെ കാലത്തിനു ശേഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ തുർക്കി ആധിപത്യം സജീവമായിരുന്നത് വരെ വടക്കേ ഇന്ത്യയിൽ രജപുത്രർ പ്രമുഖ ശക്തി ആയിരുന്നു. കൃഷി ചെയ്യുന്നത് ഹീനമായ തൊഴിൽ ആയി രജപുത്രർ കണക്കാക്കി. അവർ യുദ്ധം ചെയ്യൽ ശ്രേഷ്ഠമായ കർമ്മം ആയി കണ്ടു. യുദ്ധത്തിൽ പരാജയം സംഭവിച്ചവരോട് ഇവർ മാന്യമായി പെരുമാറി. സ്വയംവരം, സതി തുടങ്ങിയ ആചാരങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു. യുദ്ധത്തിൽ പരാജയപ്പെട്ട രജപുത്രരുടെ വിധവകൾ കൂട്ടത്തോടെ സതി ആചരിച്ചിരുന്നു. ജൗഹർ എന്ന് സതി ആചാരത്തെ അവർ വിളിച്ചു. രജപുത്രർക്ക് ഇന്ത്യയിൽ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫ്യൂഡൽ വ്യവസ്ഥിതിൽ രജപുത്ര സമുദായം പല ഗോത്രങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു.ഈ സംഘടനാ പരമായ വൈകല്യം ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണമായി. അതിനാൽ തന്നെ വൈദേശിക ആക്രമണങ്ങളെ തടയുന്നതിൽ അവർ പരാജയപ്പെട്ടു.

രജപുത്രർ ഹിന്ദു മതവിശ്വാസികളായിരുന്നു.അവരുടെ കാലത്ത് ഹിന്ദു മത പ്രചരണം ശക്തമായി നടന്നു. ആദിവാസികളും അനേകം വിദേശികളും ആ സമയത്ത് ഹിന്ദുമതം സ്വീകരിച്ചു. ജൈന ബുദ്ധ മതങ്ങൾ ക്ഷയിച്ചു. ഹിന്ദു പുരാണങ്ങൾ കൂടുതൽ പരിഷ്കരിക്കപ്പെട്ടു. ശിവനായിരുന്നു ഇവരുടെ പ്രധാന ആരാധ്യ മൂർത്തി . ആദിത്യൻ , ഗണപതി ,വിഷ്ണു,ശക്തി തുടങ്ങിയ ദേവതകളെ അവർ ആരാധിച്ചു. [3]

സാഹിത്യവും കലകളും

[തിരുത്തുക]

പത്താം നൂട്ടാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലം രജപുത്രരുടെ സുവർണ്ണകാലമായിരുന്നു. ഭവഭൂതിയുടെ മാലതീമാധവം , ജയദേവരുടെ ഗീതാഗോവിന്ദം തുടങ്ങിയ സൃഷ്ടികൾ ഈ കാലഘട്ടത്തിൽ രചിക്കപ്പെട്ടു. കഥാസരിത്സാഗരം ,കാവ്യമീമാംസ തുടങ്ങിയ സൃഷ്ടികൾ രചിക്കപ്പെട്ടതും രജപുത്ര ഭരണകാലത്തായിരുന്നു. സാധാരണ ജനങ്ങൾക്ക് ഇഷ്ടമായ ഒരു കല എന്ന നിലയിൽ ചിത്രരചന വളർന്നു വന്നതും രജപുത്ര ഭരണകാലത്താണ്. [4]

അവലംബം

[തിരുത്തുക]
  1. https://en.wikipedia.org/wiki/Vincent_Arthur_Smith
  2. ഇന്ത്യാ ചരിത്രം , ശ്രീധര മേനോൻ .എ , പേജ് 229-230
  3. ഇന്ത്യാ ചരിത്രം , ശ്രീധര മേനോൻ .എ , പേജ് 229-230
  4. ഇന്ത്യാ ചരിത്രം , ശ്രീധര മേനോൻ .എ , പേജ് 229-230
"https://ml.wikipedia.org/w/index.php?title=രജപുത്രർ&oldid=3460457" എന്ന താളിൽനിന്ന് ശേഖരിച്ചത്