Jump to content

മുഖ്തദാ സ്വദ്‌ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muqtada al-Sadr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറാഖിലെ പ്രമുഖ ശിയാ നേതാവും തീവ്രവാദ പ്രസ്ഥാനമായ ജെയ്ഷുൽ മഹ്ദിയുടെ നേതാവുമാണ് മുഖ്തദാ സ്വദ്‌‌ർ . യഥാർ‌ത്ഥ നാമം സയ്യിദ് മുഖ്തദാ മുഹമ്മദ് മുഹമ്മദ് സ്വാദിഖ് ബാഖിർ അൽ-സദ്‌ർ (അറബി- السيد مقتدى محمد محمد صادق باقر الصدر). ശിയാ നേതാവായ മുഹമ്മദ് സാദിഖ് അൽ-സദ്‌റിൻറെ മകനും ലെബനാനിലെ അമൽ പാർ‌ട്ടിയുടെ സ്ഥാപകനായ മൂസാ സ്വദ്‌റിൻറെ പിതൃവ്യപുത്രനുമാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇസ്ലാമിക ചിന്തകനുമായിരുന്ന മുഹമ്മദ് ബാഖിർ സദ്‌ർ ഇദ്ദേഹത്തിൻറെ അമ്മാവനാണ്. നജഫിലെ പ്രസിദ്ധമായ ഹൗസയിൽ നിന്നും ഹുജ്ജതുൽ ഇസ്ലാം ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ നജഫിലെ സെമിനാരിയിൽ ആയത്തുല്ലാ പദവിക്കു വേണ്ടിയുള്ള പഠനത്തിലാണ്.

പിതാവായ മുഹമ്മദ് സാദിഖ് അൽ‌-സദ്‌ർ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈൻറെ ഭരണകാലത്ത് കൊല്ലപ്പെട്ടു. അദ്ദേഹത്തിൻറെ മരണത്തിന് പിന്നിൽ സദ്ദാം ഹുസൈൻ‍ ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

സദ്ദാം ഹുസൈൻ ഭരണകൂടത്തിൻറെ തകർ‍ച്ചക്കു ശേഷം അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാടുന്നതിനു വേണ്ടി ജെയ്ഷുൽ മഹ്ദി എന്ന പേരിൽ ഒരു സായുധസംഘടന രൂപവത്കരിക്കുന്നതോടെയാണ് മുഖ്തദ അൽ-സദ്‌ർ ഇറാഖിനകത്തും പുറത്തും പ്രസിദ്ധനാകുന്നത്. പിന്നീട് അൽഹൗസന്നാത്വിഖ എന്ന പേരിൽ ഒരു വാരികയും പ്രസിദ്ധീകരണമാരം‌ഭിച്ചു. അധിനിവേശ സൈന്യത്തിനെതിരായ വികാരമിളക്കി വിടുന്നു എന്ന പേരിൽ ഇറാഖിലെ അമേരിക്കൻ അധികാരിയായിരുന്ന പോൾ ബ്രെമർ വാരിക 60 ദിവസത്തേക്ക് പൂട്ടിയിട്ടിരുന്നു.

ശിയാ നേതാവായിരുന്ന അബ്ദുൽ മജീദുൽ ഖൂഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് 2004 മെയ് 14-വെള്ളിയാഴ്ച ജെയ്ഷുൽ മഹ്ദിയും അമേരിക്കൻ അധിനിവേശ സൈന്യവും തമ്മിൽ നജഫിൽ വെച്ച് രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. മുഖ്തദാ സ്വദ്‌റിനെ പിടി കൂടുന്നതിനായി അധിനിവേശ സേന നജഫ്-കൂഫ റോഡ് ഉപരോധിച്ചെങ്കിലും സൈന്യത്തിൻറെ കണ്ണു വെട്ടിച്ച് കൂഫയിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിനു നേതൃത്വം നൽ‍‌കാൻ മുഖ്തദ സ്വദ്‌റെത്തയിരുന്നു.

അധിനിവേശം നില നിൽ‌ക്കുന്നിടത്തോളം ഇറാഖിലെ പൊതുതെരഞ്ഞെടുപ്പിന് നിയമസാധുതയില്ലെന്നാണ് സ്വദ്‌റിൻറെ അഭിപ്രായം.

"https://ml.wikipedia.org/w/index.php?title=മുഖ്തദാ_സ്വദ്‌ർ&oldid=4117355" എന്ന താളിൽനിന്ന് ശേഖരിച്ചത്