മെലനോസൈറ്റ്
ചർമ്മത്തിലെ എപിഡെർമിസിലും കണ്ണുകളിലെ റെറ്റിനയിലെ യുവിയയിലും ഉള്ള കോശങ്ങളാണ് മെലനോസൈറ്റുകൾ . മെലാനോജെനിസിസ് (melanogenesis) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ മെലനോസൈറ്റുകൾ മെലാനിൻ എന്ന പിഗ്‌മെന്റ് ഉൽപ്പാദിപ്പിക്കുന്നു. ത്വക്കിനും കണ്ണുകൾക്കും, രോമങ്ങൾക്കും നിറം കൊടുക്കുന്നത് മെലാനിൻ ആണ്. വെളുത്ത നിറമുള്ളവരിൽ മെലാനോജെനസിസ് താരതമ്യേന കുറവായിരിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ കൊള്ളുന്നത് മെലാനോജെനസിസ് വർദ്ധിപ്പിക്കാൻ കാരണമാകും.
സാധാരണയായി ഒരു ചതുരശ്ര മില്ലിമീറ്റർ ചർമ്മത്തിൽ 1000 മുതൽ 2000 വരെ മെലാനോസൈറ്റുകൾ കാണപ്പെടും. എപ്പിഡെർമസിന്റെ താഴത്തെ പാളിയിലെ 10 ശതമാനത്തോളം ഈ കോശങ്ങളാണ്. ഏകദേശം 7 മൈക്രോമീറ്റർ വലിപ്പമുണ്ടിവയ്ക്ക്. മനുഷ്യചർമ്മത്തിന്റെ വർണ്ണങ്ങളിലുള്ള ഏറ്റക്കുറച്ചിൽ മെലാനോസൈറ്റുകളുടെ എണ്ണത്തിലുള്ള വ്യത്യാസത്താലല്ല; മറിച്ച് മെലാനോസൈറ്റുകളുടെ പ്രവർത്തനത്തിലുള്ള ഏറ്റക്കുറച്ചിലുകൾ കാരണമാണ്. ഉദാഹരണത്തിന് സാധാരണ കാണുന്ന വെള്ളപ്പാണ്ട് അഥവാ ആൽബിനിസം, ത്വക്കിലെ തൈറോസിനേസ് (tyrosinase) എന്ന എൻസൈമിന്റെ കുറവു കൊണ്ടുണ്ടാകുന്ന അവസ്ഥയാണ്. മെലനോസൈറ്റുകൾ നിറം നൽകുന്ന മെലാനിൻ നിർമ്മിക്കുന്നത് ഈ എൻസൈമുകൾ ഉപയോഗിച്ചാണ്.
ഭ്രൂണാവസ്ഥയിൽ ത്തന്നെ നാഡീകേന്ദ്രത്തിൽ നിന്ന് പരിണമിച്ചാണ് മെലാനോസൈറ്റുകൾ രൂപം കൊള്ളുന്നത്. ഭ്രൂണത്തിനുള്ളിൽ പല ഭാഗത്തേയ്ക്ക് പടർന്നെത്താനും ഈ കോശങ്ങൾക്കു കഴിയും. ഇതേ കാരണത്താലാണ് മെലനോമ പോലുള്ള അർബുദങ്ങൾ വളരെ വേഗം പടരുന്നതും.
മെലാനിന്റെ നിർമ്മാണത്തിന് ഉൽപ്രേരകമാവുന്നത് MSH ( മെലനോസൈറ്റ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ), ACTH എന്നീ ഹോർമോണുകളോ അൾട്രാവയലറ്റ് രശ്മികളോ ആകാം. ഉല്പാദിപ്പിക്കപ്പെട്ട മെലാനിൻ ചർമ്മകോശങ്ങളായ കെരാറ്റിനോസൈറ്റുകൾക്ക് അയക്കപ്പെടുന്നു.
അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പതിക്കുമ്പോൾ ഡിഎൻഏയ്ക്ക് ക്ഷതമേൽക്കുന്നു. ഈ ഡീഎൻഏയിലെ തയമിഡൈൻ ഡൈന്യൂക്ലിയോറ്റൈഡ് (pTpT) ആണ് MSH ഹോർമോൺ ഉല്പാദനത്തിന് ആക്കം കൂട്ടുന്നത്. ഇത് മെലാനിൻ നിർമ്മാണത്തെ ത്വരിതപ്പെടുത്തുകയും തൽഫലമായി ചർമ്മത്തിന്റെ നിറം കൂടുതൽ ഇരുണ്ടതാവുകയും ചെയ്യുന്നു. ചർമ്മകോശങ്ങളെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഒരു പരിധി വരെ മെലാനിൻ പിഗ്‌മെന്റ് സംരക്ഷണം നൽകുന്നു.