ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങൾ
ഇസ്ലാം മതവിശ്വാസികൾ അനുസരിക്കണമെന്നു ഖുർആൻ നിർദ്ദേശിച്ച അഞ്ചു നിർബന്ധ അനുഷ്ഠാനങ്ങളാണ് ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ. "ഇസ്‌ലാം കാര്യങ്ങൾ" എന്നാണ് പൊതുവെ ഈ അഞ്ച് കാര്യങ്ങൾ അറിയപ്പെടുന്നത്.
- വിശ്വാസ പ്രഖ്യാപനം.
- ഒരു ദിവസത്തിൽ അഞ്ചു നേരം നമസ്കാരം നിർവഹിക്കൽ.
- സക്കാത്ത് അഥവാ നിർബന്ധദാനം.
- റമദാനിലെ വ്രതം (നോമ്പ് ).
- ജീവിതത്തിലൊരിക്കൽ ഹജ്ജ് നിർവ്വഹിക്കൽ.
ഹദീസ് ഗ്രന്‌ഥങ്ങളിൽ നിന്ന് (നബി വചനം)
[തിരുത്തുക]ഉമറുബ്നുൽ ഖത്താബിന്റെ മകൻ അബുഅബ്ദിറഹ്മാൻ അബ്ദില്ല (റ) യിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: നബി (സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു സ്തംഭങ്ങളിന്മേലാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക; നമസ്കാരം നിഷ്ഠയോടെ അനുഷ്ഠിക്കുക; സക്കാത്ത് നൽകക;റമദാനിൽ വ്രതമനുഷ്ഠിക്കുക, ദൈവിക ഭവനത്തിങ്കൽ പോയി ഹജ്ജ് നിർവഹിക്കുക; ." (ബുഖാരി. 1.2.7, മുസ്‌ലിം)
വിശ്വാസ പ്രഖ്യാപനം
[തിരുത്തുക]അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും അന്ത്യപ്രവാചകൻ മുഹമ്മദ് ദൈവത്തിന്റെ ദൂതനും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന സമ്മതവും പ്രഖ്യാപനവുമാണിത്. അറബിയിൽ കലിമതുൽ ഷഹാദ എന്നു പറയും.
നമസ്ക്കാരം
[തിരുത്തുക]മുസ്ലീങ്ങൾ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർത്ഥനയ്ക്കാണ് നമസ്ക്കാരം അല്ലെങ്കിൽ നിസ്ക്കാരം എന്നു പറയുന്നത്. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഭാഷാർഥം ‘ദുആ’ അഥവാ പ്രാർഥന എന്നാണ്. അനുഗ്രഹമെന്നും ആശീർവാദം എന്നുമൊക്കെയാണതിന്റെ മറ്റർഥങ്ങൾ. ഖുർ ആനിൽ വിശ്വാസികളോട് സമയാസമയങ്ങളിൽ നിസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാൽ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുർ ആനിലില്ല. അത് പ്രവാചക ചര്യയിൽ നിന്നാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്.
സകാത്ത്
[തിരുത്തുക]ഓരോ മുസ്ലിമും തന്റെ സമ്പാദ്യത്തിൽ നിന്ന് നിർബന്ധമായും പാവപ്പെട്ടവർക്ക് നൽകേണ്ടതിനെയാണ് സകാത്ത് എന്നു വിളിക്കുന്നത് (അറബി: زكاة) . ഇതിൽ “സ“ എന്ന അക്ഷരം ഇംഗ്ലീഷിലെ "Za" എന്നതിനു തുല്യവും, “ത്ത്“ എന്ന അക്ഷരം നിശ്ശബ്ദവുമാണ്. സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത് ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക് നൽകുന്ന ഔദാര്യമല്ല, മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് അല്ലാഹു നൽകിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധ ബാദ്ധ്യതയായി ഇസ്‌ലാം ഇതിനെ എണ്ണിയിരിക്കുന്നു.
നോമ്പ്
[തിരുത്തുക]വർഷത്തിൽ ഒരു മാസം വ്രതം അനുഷ്ഠിക്കൽ ഒരോ മുസ്ലിമിനും നിർബന്ധമാണ്.നോമ്പ് എന്ന മലയാള പദത്തിനു പകരം അറബിയിൽ സ്വൗമ് എന്നാണ് ഉപയോഗിക്കുന്നത്. ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിൻറെ ഭാഷാർഥം. ഇതിൽ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്.അറബി മാസങ്ങളിലെ റമദാൻ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതൽ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം
ഹജ്ജ്
[തിരുത്തുക]മുസ്‌ലീംകളെ സംബന്ധിച്ച് മുഹമ്മദ് നബി നിർദ്ദേശിച്ച മാതൃകയിൽ മതപരമായ അനുഷ്ഠാനമായി ജീവിതത്തിലൊരിക്കലെങ്കിലും മക്കയിലേക്ക് നടത്തുന്ന തീർഥാടനമാണ് ഹജ്ജ്. ദുൽഹജ്ജ് മാസം 8 മുതൽ 12 വരെയുള്ള മക്കയിലേക്കുള്ള തീർത്ഥാടനത്തിനെയും അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്. വർഷം തോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.
ഇവയും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ വിശദീകരണം Archived 2009-12-11 at the Wayback Machine.
അവലംബം
[തിരുത്തുക]http://www.quranmalayalam.com/hadees/hadees1.htm#2
നാല്പത് ഹദീസുകൾ - ഇമാം നവവി - IPH - വിവർത്തനം - ശൈഖു മുഹമ്മദു കാരകുന്ന്.