കൊച്ചി
കൊച്ചി കൊച്ചിൻ | |||
---|---|---|---|
| |||
Nickname(s): | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല | എറണാകുളം | ||
• ഭരണസമിതി | കൊച്ചിൻ കോർപ്പറേഷൻ | ||
• മേയർ | എം. അനിൽകുമാർ | ||
• മെട്രോപ്പൊളിസ് | 94.88 ച.കി.മീ.(36.63 ച മൈ) | ||
• മെട്രോ | 440 ച.കി.മീ.(170 ച മൈ) | ||
ഉയരം | 0 മീ(0 അടി) | ||
(2011)[4] | |||
• മെട്രോപ്പൊളിസ് | 6,77,381 | ||
• ജനസാന്ദ്രത | 7,100/ച.കി.മീ.(18,000/ച മൈ) | ||
• മെട്രോപ്രദേശം | 21,17,990 | ||
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് | ||
സമയമേഖല | UTC 5:30 (IST) | ||
PIN | 682 XXX | ||
ടെലിഫോൺ കോഡ് | 91-(0)484-XXX XXXX | ||
വാഹന റെജിസ്ട്രേഷൻ | KL-7,KL-43,KL-42,KL-41,KL-40,KL-39,KL-63 | ||
Coastline | 48 കിലോമീറ്റർ (30 മൈ) | ||
Sex ratio | 1.028 ♂/♀ | ||
സാക്ഷരത | 97.5% | ||
ന്യൂഡൽഹിയിൽ നിന്നും ദൂരം | 2,863 കിലോമീറ്റർ (1,612 മൈ) NE (land) | ||
മുംബൈയിൽ നിന്നും ദൂരം | 1,384 കിലോമീറ്റർ (860 മൈ) NW (land) | ||
കൊൽക്കത്തയിൽ നിന്നും ദൂരം | 2,296 കിലോമീറ്റർ (1,427 മൈ) N (land) | ||
ചെന്നൈയിൽ നിന്നും ദൂരം | 684 കിലോമീറ്റർ (425 മൈ) NE (land) | ||
Climate | Am (Köppen) | ||
Precipitation | 3,228.3 മില്ലിമീറ്റർ (127.10 ഇഞ്ച്) | ||
വെബ്സൈറ്റ് | kochicorporation |
കേരളത്തിലെ ഒരു പ്രധാനപ്പെട്ട നഗരമാണ് കൊച്ചി (pronounced [koˈtʃːi] ⓘ). കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ (urban agglomeration) കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് "അറബിക്കടലിന്റെ റാണി" എന്നറിയപ്പെടുന്ന കൊച്ചി. കോർപ്പറേഷൻ പരിധിയിൽ 677,381 ജനങ്ങളും മെട്രോപ്രദേശ പരിധിയിൽ 21 ലക്ഷത്തിൽ അധികം ജനങ്ങളും വസിക്കുന്ന കൊച്ചിയെ, കേരളത്തിന്റെ വാണിജ്യ, വ്യാവസായിക തലസ്ഥാനം ആയിട്ടാണ് കണക്കാക്കുന്നത്. മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ് കൊച്ചിയുടെ സ്ഥാനം.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ് മുമ്പ് കൊച്ചി എന്നറിയപ്പെട്ടിരുന്നത്. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്, വൈപ്പിൻ ദ്വീപ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിലുണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾകൊണ്ട് കൊച്ചി എന്ന പേരിൽ കേരള പിറവിക്കു മുമ്പ് ഒരു നാട്ടു രാജ്യവും നിലനിന്നിരുന്നു.
ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താവളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്. ബ്രിട്ടീഷുകാർ "മിനി ഇംഗ്ലണ്ട്" എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു.[6] ഒരു കാലത്ത് ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലിൽ തീരത്തുള്ള പ്രകൃതിദത്തമായ തുറമുഖമായിരുന്നു് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികൾ, യഹൂദർ, പോർച്ചുഗീസുകാർ, ഡച്ചുകാർ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികൾ ഇവിടെ കടൽ കടന്നെത്തി.
നിരുക്തം
[തിരുത്തുക]പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്. കൊച്ചി രാജ്യത്തിന്റെ ആദ്യകാല ആസ്ഥാനം പെരുമ്പടപ്പ് ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം കൊട്ടാരത്തിലായിരുന്നു. പ്രകൃതിദത്ത തുറമുഖമായ പ്രദേശം കൊച്ചാഴി എന്ന് അറിയപ്പെട്ടു. കൊച്ചാഴി എന്ന വാക്കിൽ നിന്നാണ് കൊച്ചി എന്ന പേരു വന്നത്. പതിനാലാം ശതാബ്ദം മുതലാണ് 'കൊച്ചാഴി' കൊച്ചിൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. യൂറോപ്പുകാരാണ് ഉച്ചാരണ സൗകര്യത്തിന് അത് കൊച്ചിൻ (Cochin) എന്നാക്കി പരിഷ്കരിച്ചത്. പേരുകൾ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ൽ സംസ്ഥാന സർക്കാർ കൊച്ചി എന്ന പേര് പുനഃസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിൻ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിൽ ട്രോപിനാ എന്ന് വിവരിച്ചിട്ടുള്ള പ്രദേശം ദക്ഷിണേന്ത്യയിലെ ഒരു തുറമുഖമാണെന്നും അതിന് ഗംഗാ നദിയുടെ മുഖത്തു നിന്നും 1225 മൈൽ ദൂരമുണ്ടെന്നും വിവരിച്ചിരിക്കുന്നു. തൃപ്പൂണിത്തുറയായിരുന്നു കൊടുങ്ങല്ലൂർ കഴിഞ്ഞാൽ അടുത്ത തുറമുഖം. ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്.
എന്നാൽ ആദ്യമായി കൊച്ചിയെ പറ്റി വിവരിക്കുന്നത് ചൈനീസ് യാത്രികരായ മഹ്വാനും ഫെയ്‌സീനുമാണ് 15 ആം നൂറ്റാണ്ടിലെ പൂർവ്വാർദ്ധത്തിലാണ് അദ്ദേഹം കൊച്ചി സന്ദർശിച്ചത്. പിന്നീട് യുറോപ്പിൽ നിന്നും വന്ന നിക്കോളോ കോണ്ടിയും കൊച്ചിയെ പറ്റി വിവരിച്ചിട്ടുണ്ട്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു മുമ്പ് കൊച്ചി ചേര രാജാവിനു കീഴിലായിരുന്നു. കൊച്ചിയിൽ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാൽ മുസിരിസ് എന്ന തുറമുഖമായിരുന്നു വാണിജ്യ പ്രാധാന്യമുൾക്കൊണ്ടിരുന്നത്. കുലശേഖര സാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടെന്ന് ഒരു സ്വതന്ത്ര രാജ്യപദവിയിലേക്ക് ഉയർന്നു. പെരുമ്പടപ്പ് സ്വരൂപമാണ് കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവർമ്മ കുലശേഖരന്റെ പുത്രൻ വേണാട്ടു രാജവംശവും സഹോദരീ പുത്രൻ കൊച്ചി രാജവംശവും സ്ഥാപിച്ചു എന്നാണ് ഐതിഹ്യവും ചരിത്രവും കലർന്ന വിശ്വാസം.
13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവർക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോൾ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 ആം നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1341-ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് വൻ എക്കൽ മലകൾ അഴിമുഖത്ത് അടിക്കുകയും കപ്പലുകൾക്ക് സഞ്ചാരം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് കുരുമുളക്, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു.
1965ൽ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്റിയറിൽ 1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇത് തന്നെയാണ് പറയുന്നത്.[7] കെ.പി. പത്മനാഭ മേനോനും ഇതേ അഭിപ്രായക്കാരനാണ്,[8] എന്നാൽ മറ്റു ചിലർ ഇത് വിശ്വസിക്കുന്നില്ല. ഒരേ വർഷം തന്നെ വെള്ളപ്പൊക്കവും കടൽ വയ്പും ഉണ്ടാകുമെന്നത് യുക്തി സഹമല്ല എന്നാണ് കെ. രാമവർമ്മരാജയുടെ അഭിപ്രായം. കൊച്ചു പുഴ എന്നത് പതിക്കുന്നത് സമുദ്രത്തിലാവാൻ നിവൃത്തിയില്ല എന്നാണ് മറ്റു ചിലർ കരുതുന്നത്. വി.വി.കെ.വാലത്തിന്റെ അഭിപ്രായത്തിൽ പണ്ടത്തെ തൃപ്പൂണിത്തുറക്കും കൊടുങ്ങല്ലൂരിനും ഇടക്ക് ജനവാസ യോഗ്യമല്ലാത്തതും എന്നാൽ മണൽത്തിട്ടകൾ നിറഞ്ഞതുമായ ഒരു പ്രദേശം ഉണ്ടായിരുന്നിരിക്കണം എന്നാണ്. അത് പഴയ വയ്പ് എന്നറിയപ്പെട്ടിരുന്നു എന്നും വെള്ളപ്പൊക്കം ഇതിനെ കീറി മുറിച്ച് പുതിയ ഒരു ദ്വീപിനും (വൈപ്പിൻ) അഴിമുഖത്തിനും രൂപം കൊടുത്തിരിക്കുവാനുമാണ് സാധ്യത എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.[9]
കൊച്ചിയുടെ നാഴികക്കല്ലുകൾ | |
Year | Event |
ക്രി.വ.1102 | കുലശേഖര സാമ്രാജ്യം അധഃപതിക്കുന്നു, കൊച്ചി നാടുവാഴിത്തത്തിൽ നിന്ന് രാജ വാഴ്ചയിലേക്ക്. |
ക്രി.വ. 1341/1342? | കൊടുങ്ങല്ലൂർ തുറമുഖം പെരിയാറിലെ വെള്ളപ്പൊക്കം മൂലം നാശോന്മുഖമാകുന്നു. കൊച്ചി തുറമുഖത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. |
ക്രി.വ. 1440 | ഇറ്റാലിയൻ യാത്രികനായ നിക്കോളോ ഡ കോണ്ടി കൊച്ചി സന്ദർശിക്കുന്നു. |
ക്രി.വ. 1500 | പോർത്തുഗീസുകാരനായ അഡ്മിറൽ കബ്രാൾ കൊച്ചിയിലെത്തുന്നു. |
ക്രി.വ. 1503 | പോർട്ടുഗീസുകാർ കൊച്ചി കീഴടക്കുന്നു. |
ക്രി.വ. 1530 | വി. ഫ്രാൻസിസ് സേവ്യർ കൊച്ചിയിലെത്തി സുവിശേഷം അറിയിക്കുന്നു. |
ക്രി.വ.1663 | ഡച്ചുകാർ പോർട്ടുഗീസുകാരെ തോല്പിച്ച് കൊച്ചി പിടിച്ചടക്കുന്നു. |
ക്രി.വ. 1773 | മൈസൂർ സുൽത്താൻ, ഹൈദരാലിയുടെ പടയോട്ടം കൊച്ചി രാജ്യം വരെ എത്തുന്നു. |
ക്രി.വ. 1814 | 1814ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി പ്രകാരം കൊച്ചി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാകുന്നു. |
ക്രി.വ. 1947 | ഇന്ത്യൻ സ്വാതന്ത്ര്യം, കൊച്ചി ഇന്ത്യൻ യൂണിയനിൽ ചേർന്നു. |
ക്രി.വ.1956 | കേരള സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നു. |
ക്രി.വ. 1967 | കൊച്ചി കോർപ്പറേഷൻ രൂപവത്കരിക്കപ്പെടുന്നു. |
പോർട്ടുഗീസുകാരുടെ വരവിനു മുൻപുള്ള കേരള ചരിത്രം തന്നെ അവ്യക്തമാണ്. എന്നാൽ 14-ആം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണിയാടി ചരിത്രം, ശിവ വിലാസം, വിടനിദ്രാഭാണം തുടങ്ങിയ കൃതികൾ കൊച്ചി രാജാക്കന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ക്രി.വ. 1225-ൽ ക്രിസ്തീയ വ്യാപാരിയായിരുന്ന ഇരവികോർത്തൻ അന്നത്തെ മഹാരാജാവ് വീരരാഘവൻ കൊടുത്ത വീരരാഘവൻ പട്ടയം അന്നത്തെ രാജാവിനെ പറ്റിയും അന്നത്തെ വ്യാപാര സംഘമായിരുന്ന മണിഗ്രാമത്തെപ്പറ്റിയും രാജാക്കന്മാരുടെ മത സഹിഷ്ണുതയെപ്പറ്റിയും മറ്റും വിവരങ്ങൾ തന്നിട്ടുണ്ട്.
പോർട്ടുഗീസുകാരുടെ വരവിനു മുൻപു തന്നെ ചൈനക്കാരും അറബികളും കൊച്ചിയിൽ എത്തിയിരുന്നുവെന്നാണ് പൊതുവേയുള്ള വിശ്വാസം. പതിനാലാം നൂറ്റാണ്ടിനൊടുവിൽ ചൈനയിൽ നിലനിന്നിരുന്ന മിംഗ് രാജ വംശത്തെ പ്രതിനിധീകരിച്ചാണ് ചൈനീസ് യാത്രികരും വ്യാപാരികളും കൊച്ചിയിലെത്തിയതെന്നു കരുതപ്പെടുന്നു. ചൈനീസ് യാത്രികനായ ഫാഹിയാന്റെ കുറിപ്പുകളിൽ ചിലതും ഇതിലേക്കു വിരൽ ചൂണ്ടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തന്നെ രാഷ്ട്രീയാധിപത്യത്തിനായുള്ള വടംവലികൾ സാമൂതിരിയുടെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടായി കൊണ്ടിരുന്നു. ഇക്കാലമായപ്പോഴേക്കും പെരുമ്പടപ്പ് സ്വരൂപം മൂത്ത താവഴി, എളയ താവഴി, പള്ളുരുത്തി താവഴി, മുരിങ്ങൂർ താവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു. ഒരോ താവഴിയിലേയും മൂത്തവർ അടുത്ത അവകാശിയായി തീർന്നിരുന്നു. ഇത് ആഭ്യന്തര കലഹങ്ങൾക്ക് വഴിയൊരുക്കുകയും പോർട്ടുഗീസുകാരുടെ വരവോടെ വളരെ വിഘടിതമായി രൂപപ്പെടുകയും ചെയ്തിരുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് പോർച്ചുഗീസുകാരുടെ വരവ്. അതിനു മുൻപ് വന്നവരിൽ നിന്നും വ്യത്യസ്തമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ് പോർച്ചുഗീസുകാർ എത്തിയത്. കോഴിക്കോട് സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയിൽ കൊച്ചി രാജാക്കന്മാർ പോർച്ചുഗീസുകാരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. ക്രിസ്തു വർഷം 1503ൽ പോർച്ചുഗീസ് വൈസ്രോയി അഫോൻസോ ആൽബ്യുക്കർക്ക് ഇന്ത്യയിലെ ആദ്യത്തെ വിദേശ താവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോർട്ട് മാനുവൽ (മാനുവൽ കോട്ട) ഇവിടെ പണികഴിച്ചു.
കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകർച്ചയോടെ തുടങ്ങിയതാണെന്ന് കരുതുന്നു. യഹൂദ വ്യാപാരികൾക്ക് 1565 മുതൽ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവർമ്മ രാജാവിൽ നിന്ന് ഏറെ സഹായവും ലഭിച്ചു.
1653ലാണ് ഡച്ച് അധിനിവേശം ആരംഭിക്കുന്നത്. പത്തു വർഷം കൊണ്ട് ഡച്ചുകാർ പോർച്ചുഗീസുകാർക്കുമേൽ സമ്പൂർണ്ണ ആധിപത്യം നേടി. മാനുവൽ കോട്ടയ്ക്കു പകരം ഡച്ചുകാർ ഇവിടെ ഫോർട്ട് വില്യംസ് പണികഴിപ്പിക്കുകയും ചെയ്തു.
1814-ൽ നിലവിൽ വന്ന ആംഗ്ലോ-ഡച്ച് ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനു പകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാർക്കു നൽകുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്‌ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂർ, മലബാർ എന്നിവയുടെ ഭാഗങ്ങൾ ചേർത്തു രൂപം നൽകിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം,പള്ളൂരുത്തി എന്നീ പ്രദേശങ്ങൾ ചേർത്ത് 1967-ൽ കൊച്ചി കോർപ്പറേഷൻ നിലവിൽ വന്നു.
ഗതാഗതം
[തിരുത്തുക]റോഡുകൾ
[തിരുത്തുക]കൊച്ചി നഗര സഭയിൽ ഉൾപ്പെട്ട ഇടപ്പള്ളിയിലാണ് കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 17 എന്നീ രണ്ടു ദേശീയ പാതകൾ സംഗമിക്കുന്നത് . കൊച്ചി – മധുര ദേശീയപാത ദേശീയപാത 49 കൊച്ചി കുണ്ടന്നൂരിൽ നിന്നും ആരംഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാതയാണ് NH 47A. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയ പാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടൺ ഐലന്റിൽ അവസാനിക്കുന്നു.[1]. കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽ നിന്നാണ് 47A തുടങ്ങുന്നത്. ദേശീയ പാത 47C, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനെ ദേശീയ പാത 47-മായി ബന്ധിപ്പിക്കുന്നു. കൊച്ചി നഗരത്തിലെ ഒരു പ്രധാന പാത ആണ് മഹാത്മാ ഗാന്ധി റോഡ് ( MG റോഡ് ) ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും കടകളും ഈ റോഡിൽ സ്ഥിതി ചെയ്യുന്നു. സഹോദരൻ അയ്യപ്പൻ റോഡ്, ബാനർജി റോഡ് എന്നിവയാണ് നഗര ഹൃദയത്തിലേക്കു പ്രവേശിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ. കലൂർ-കടവന്ത്ര റോഡ് മറ്റൊരു പ്രധാന റോഡ് ആണ്. നാലു സംസ്ഥാന പാതകളും നഗരത്തെ ബന്ധിപ്പിക്കുന്നുണ്ട്.
റെയിൽവേ
[തിരുത്തുക]എറണാകുളം ജങ്ക്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്), ഇടപ്പള്ളി എന്നിവയാണ് റെയിൽവേ സ്റ്റേഷനുകൾ. തൃപ്പൂണിത്തുറ എന്നീ സ്റ്റേഷൻ നഗര പരിസരത്തുള്ള പ്രധാന സ്റ്റേഷനാണ്. കളമശ്ശേരി, നെട്ടൂർ, കുമ്പളം,വെല്ലിംഗ്ടൺ ഐലന്റ് എന്നീ ചെറിയ സ്റ്റേഷനുകളും നഗര പരിസരത്ത് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയിലാണ് ഈ പാലം ഉൾക്കൊള്ളുന്നത്. പാലമുൾപ്പെടെ ഈ റെയിൽ പാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്. വല്ലാർപാടത്തു നിന്നും ഈ പാത ആരംഭിക്കുന്നയിടത്താണ് പാലം സ്ഥിതി ചെയ്യുന്നത്.
പാലമുൾപ്പെടെയുള്ള ഈ റെയിൽ പാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ ഈ പാതയിലൂടെ 2009 ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്.
ജലഗതാഗതം
[തിരുത്തുക]അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്.
ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമ പഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 3,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 6250 കോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന ടെർമ്മിനലിൻറെ ശേഷി 40 ലക്ഷം ആയി ഉയരും.
ചരക്കു ഗതാഗതത്തിനു പുറമേ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കപ്പലുകളും ഇവിടെനിന്നും പുറപ്പെടുന്നു. കായലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകൾക്കും, ഉപ ദ്വീപുകൾക്കും ജല ഗതാഗതം ആണ് പ്രധാന ആശ്രയം. എറണാകുളത്തെ പ്രധാന ബോട്ട് ജെട്ടിയിൽ നിന്നും വെല്ലിങ്ടൺ ദ്വീപ്, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും, ഹൈക്കോടതി ജെട്ടിയിൽ നിന്നും വൈപ്പിൻ കരയിലേക്കും, വല്ലാർപാടം, പനമ്പുകാട് തുടങ്ങിയ ദ്വീപുകളിലേക്കും ബോട്ടുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാവുന്ന ജങ്കാർ സേവനവും ലഭ്യമാണ്.
വിദേശ വിനോദ സഞ്ചാരികളെ വഹിക്കുന്ന ഉല്ലാസ യാത്രക്കപ്പലുകളുടെ ഒരു പ്രധാന താവളമാണ് കൊച്ചി തുറമുഖം. പായ്ക്കപ്പലുകൾക്ക് അടുക്കുവാനും, അറ്റകുറ്റപ്പണികളും മറ്റും നിർവഹിക്കുവാനും, യാത്രികർക്ക് താമസിക്കുവാനും മറ്റും ഉള്ള സൗകര്യങ്ങളോടെ ഒരു മറീനയും ബോൾഗാട്ടി ദ്വീപിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് ഭാരതത്തിലെ ആദ്യത്തെ മറീന ആണ്.
വ്യോമഗതാഗതം
[തിരുത്തുക]കൊച്ചി പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ വടക്ക് ഉള്ള നെടുമ്പാശ്ശേരിയിൽ ആണ് ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംസ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റൺവേ 3400 മീറ്റർ നീളമുള്ളതാണ്.[10] അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് ഈ വിമാനത്താവളം.[11] ഇതിനു പുറമേ വ്യോമസേനയുടെ കീഴിലുള്ള മറ്റൊരു വിമാനത്താവളവും കൊച്ചിയിലുണ്ട്. ഇത് സൈനിക ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
മെട്രോ റെയിൽ
[തിരുത്തുക]കൊച്ചി നഗരത്തേയും സമീപ പ്രദേശങ്ങളയും ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രൊ റെയിലിന്റെ നിർമ്മാണം ജൂൺ 2013- ഇൽ ആരംഭിച്ചിട്ടുണ്ടു.മെട്രോ ആലുവയിൽ നിന്ന് പേട്ട (തൃപ്പൂണിത്തുറ) വരെ സർവീസ് നടത്തുന്നു.
കൊച്ചിയെ പറ്റിയുള്ള പ്രശസ്തരുടെ വാക്കുകൾ
[തിരുത്തുക]“ | സൂര്യ വംശ ജാതനായ ഇവിടത്തെ രാജാവ് ബുദ്ധമത വിശ്വാസിയാണ്. ദിവസവും ബുദ്ധമതവിഗ്രഹത്തിനുമുന്നിൽ ദണ്ഡനമസ്കാരം ചെയ്തശേഷമേ രാജകാര്യങ്ങൾ ചെയ്യുകയുള്ളൂ.... ധനിക-ദരിദ്ര-രാജ-ഉദ്യോഗസ്ഥ-ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും അരക്ക് മേല്പോട്ട് വസ്ത്രം ധരിക്കുകയില്ല...വീടുകൾ തെങ്ങോലകൊണ്ട് മേഞ്ഞവയാണ്... | ” |
“ | ചൈന നിങ്ങൾക്കു കാശുണ്ടാക്കാനുള്ള സ്ഥലമാണെങ്കിൽ കൊച്ചി അത് പൊടിപ്പിക്കാനുള്ളതാണ് | ” |
കൊച്ചി തുറമുഖം
[തിരുത്തുക]ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. ഇതിന് 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു. ബ്രിട്ടിഷ് ആധിപത്യകാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ് കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ.തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി.ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ് വെല്ലിങ്ങ്‌ടൺ ഐലൻഡ്.ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936 മേയ് 26 നു നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവത്കരിച്ചത് 1964 ൽ ആണ്
ആധുനിക കൊച്ചി
[തിരുത്തുക]കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായക സാമ്പത്തിക-തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്.
കൊച്ചിയെ പറ്റിയുള്ള പഴഞ്ചൊല്ലുകൾ
[തിരുത്തുക]- പഴഞ്ചൊല്ല് : കൊച്ചികണ്ടവനച്ചിവേണ്ട
- പഴഞ്ചൊല്ല് : കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് (വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനെ സൂചിപ്പിക്കുന്നു.)
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ
[തിരുത്തുക]- എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം)
- എറണാകുളം ശ്രീ അയ്യപ്പൻ ക്ഷേത്രം
- അഞ്ചുമന ദേവി ക്ഷേത്രം, എറണാകുളം
- നെട്ടൂർ മഹാദേവ ക്ഷേത്രം
- പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം, കാക്കനാട്
- പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം
- തിരുമല ശ്രീകൃഷ്ണ ക്ഷേത്രം
- വളഞ്ഞമ്പലം ശ്രീ ഭഗവതി ക്ഷേത്രം
- രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം
- തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
- പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം
- പള്ളുരുത്തി ശ്രീ ധന്വന്തരി ക്ഷേത്രം
- ശിവ സുബ്രഹ്മണ്യ ക്ഷേത്രം, എറണാകുളം
- മംഗളയിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, വെണ്ണല
- പെരണ്ടൂർ ഭഗവതി ക്ഷേത്രം, എളമക്കര
ചെറിയ ക്ഷേത്രങ്ങൾ, കാവുകൾ
[തിരുത്തുക]ക്രൈസ്തവ ആരാധനാലയങ്ങൾ
[തിരുത്തുക]- വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറക്കാല.
- സെൻറ് മേരീസ് സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ
- സെൻറ് ഇഗ്നാത്തിയോസ് നൂറോനോ *യാക്കോബായ സുറിയാനി പള്ളി
- സെന്റ് മേരീസ് ബസലിക്ക
- സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ
- വല്ലാർപാടം ബസിലിക്ക
- കലൂർ സെന്റ് ആന്റണി പള്ളി
മുസ്ലിം ആരാധനാലയങ്ങൾ
[തിരുത്തുക]- പൊന്നുരുന്നി ജുമാമസ്ജിദ്
- ചെമ്പിട്ട പള്ളി
- മഹ്ളറ പള്ളി
- കൊച്ചി തക്യാവ്
- പുത്തരിക്കാട് ജുമാ മസ്ജിദ് കൊച്ചി ഹാർബർ
ചിത്രശാല
[തിരുത്തുക]-
ഫോർട്ട് കൊച്ചിയിലെ ചീനവല
-
കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽ പാലം
-
കൊച്ചി മറൈൻ ഡ്രൈവിന്റെ വിഹഗ വീക്ഷണം
-
ഡച്ച് സെമിത്തേരി-ഫോർട്ട് കൊച്ചിയിൽ
-
ജൂതന്മാർ 1906- ജൂത വിജ്ഞാനകോശത്തിൽ നിന്ന്
-
കൊച്ചിയിലെ കോസ്റ്റ്ഗാർഡ് ബോട്ടുകൾ
-
ഗോശ്രീ പാലം
-
കൊച്ചിയിലെ ചീനവല
|
അവലംബം
[തിരുത്തുക]- ↑ K. C. Sivaramakrishnan (2006). People's Participation in Urban Governance. Concept Publishing Company. p. 156. ISBN 81-8069-326-0.
- ↑ Ganesh Kumar. Modern General Knowledge. Upkar Prakashan. p. 194. ISBN 81-7482-180-5.
- ↑ "GCDA - Greater Cochin Development Authority". Gcdaonline.com. Archived from the original on 2014-04-14. Retrieved 12 November 2012.
- ↑ "Provisional Figures, Kerala" (PDF). Office of The Registrar General & Census Commissioner. Retrieved 7 April 2011.
- ↑ "Provisional Population Totals, Census of India 2011" (PDF). Census of India. Retrieved 11 March 2011.
- ↑ കൊച്ചിയുടെ ചരിത്രം
- ↑ എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ അങ്കമാലി, വർഗീസ് (2002). അങ്കമാലി രേഖകൾ. എറണാകുളം, കേരള: മെറിറ്റ് ബുക്സ്.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-04-07. Retrieved 2010-03-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-16. Retrieved 2010-03-18.