Jump to content

ഫുട്ബോൾ ലോകകപ്പ് 1994

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1994 FIFA World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫുട്ബോൾ ലോകകപ്പ് 1994
യു.എസ്.എ. ‘94
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകൾ 131(യോഗ്യതാ ഘട്ടമുൾപ്പടെ)
ഫൈനൽ റൌണ്ട്: 24
ആതിഥേയർ യു.എസ്.എ.
ജേതാക്കൾ ബ്രസീൽ
മൊത്തം കളികൾ 52
ആകെ ഗോളുകൾ 141
(ശരാശരി2.71)
ആകെ കാണികൾ 3,587,538
(ശരാശരി68,991 )
ടോപ്‌സ്കോറർ ഹ്രിസ്റ്റോ സ്റ്റോയിക്കോവ്(ബൾഗേറിയ)
ഓലേഗ്‌ സാലെങ്കോ(റഷ്യ)
(6 ഗോളുകൾ)
മികച്ച താരം റോമാരിയോ(ബ്രസീൽ)

പതിനഞ്ചാമത് ലോകകപ്പ് ഫുട്ബോൾ 1994 ജൂൺ 17 മുതൽ ജൂലൈ 17 വരെ അമേരിക്കയിൽ അരങ്ങേറി. ഫുട്ബോളിൽ ശക്തമായ സാന്നിധ്യമില്ലെങ്കിലും വാണിജ്യ താല്പര്യങ്ങൾ മുൻ‌നിർത്തി ഫിഫ ലോകകപ്പ് നടാടെ അമേരിക്കയിലെത്തുകയായിരുന്നു. ഫുട്ബോൾ ആരാധകർ അധികമില്ലാത്ത അമേരിക്കയിൽ ലോകകപ്പ് സംഘടിപ്പിക്കുന്നത് വിമർശനങ്ങൾ വിളിച്ചുവരുത്തി. എന്നാൽ കാണികളുടെ തള്ളിക്കയറ്റംകൊണ്ട് ശ്രദ്ധനേടിയ പരിപാടിയായി യു.എസ്.എ ‘94 മാറി . ടൂർണമെന്റിലാകെ 36 ലക്ഷത്തോളം കാണികളാണ് മത്സരങ്ങൾ കാണാനെത്തിയത്.[അവലംബം ആവശ്യമാണ്] ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു വാസ്തവത്തിൽ പതിനഞ്ചാം ലോകകപ്പ് വിജയകരമാക്കിയത്.

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂടൗട്ടിലൂടെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനും യു.എസ്.എ ‘94 വേദിയായി. ഫൈനൽ കളിച്ച ബ്രസീലും ഇറ്റലിയും അധികസമയത്തും ഗോളടിക്കാത്തതിനെത്തുടർന്നായിരുന്നു പെനൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ 3-2ന് ഇറ്റലിയെ കീഴടക്കി ബ്രസീൽ ഇരുപതു വർഷങ്ങൾക്കു ശേഷം വീണ്ടും കിരീടം ചൂടി.

24 ടീമുകളാണ് യു.എസ്.എ ‘94ൽ അണിനിരന്നത്. നൈജീരിയ, ഗ്രീസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. 52 കളികളിലായി 142 ഗോളുകൾ പിറന്നു.

1986, 1990 ലോകകപ്പുകളിലെ ശ്രദ്ധാകേന്ദ്രമായിരുന്ന അർജന്റീനയുടെ ഡിയേഗോ മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായതാണ് ഈ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന സംഭവം. അർജന്റീനക്കാർക്ക് പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടിവന്നു . അമേരിക്കയ്ക്കെതിരേ നടന്ന മത്സരത്തിൽ സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തിൽ ഗോളടിച്ച കൊളംബിയയുടെ ആന്ദ്രേ എസ്കോബറായിരുന്നു മറ്റൊരു ദുരന്ത കഥാപാത്രം. പത്തു ദിവസത്തിനുശേഷം നാട്ടിലേക്കു മടങ്ങിയ എസ്കോബറിനെ അക്രമികൾ വെടിവച്ചുകൊന്നു. ലോകകപ്പിൽ എക്കാലത്തും വേദനിപ്പിക്കുന്ന ഓർമ്മയാണ് എസ്കോബർ.

അമേരിക്കൻ കപ്പ്‌ ചില അപൂർവ നേട്ടങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയുണ്ടായി. റഷ്യക്കെതിരെ കാമറൂണിന്റെ ആശ്വാസ ഗോളുമായെത്തിയ റോജർ മില്ലയാണ്‌ ലോകകപ്പ്‌ ഫൈനൽ മത്സരങ്ങളിൽ വലകുലുക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ. കാമറൂണിന്റെ സിംഹങ്ങളെ തകർത്ത്‌ റഷ്യൻ ടീമിനെ വിജയത്തിലേക്ക്‌ നയിച്ച ഓലേഗ്‌ സാലെങ്കോയാണ്‌ മറ്റൊരു റെക്കോഡിട്ടത്‌ - 60 മിനിറ്റിനുള്ളിൽ 5 ഗോളടിച്ച ആദ്യത്തെ കളിക്കാരനായി മാറി ഓലേഗ്‌ സാലെങ്കോ!. മൊത്തത്തിൽ ആറു ഗോൾ നേടിയ സാലെങ്കോയും ബൾഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയിക്കോവും ഏറ്റവും കൂടുതൽ ഗോൾനേടുന്നവർക്കുള്ള സുവർണ്ണ പാദുകം പങ്കിട്ടു. ബ്രസീലിന്റെ റൊമാരിയോ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്ത് കരസ്ഥമാക്കി.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_1994&oldid=3947106" എന്ന താളിൽനിന്ന് ശേഖരിച്ചത്