Jump to content

ഹോമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോമം

ഹോമം,ഹവനം രണ്ട് വ്യത്യസ്തങ്ങളായ ശബ്ദങ്ങൾ. അർത്ഥവും വേറെ വേറെ.ഹോമം എന്ന് പറഞ്ഞാൽ അതിൽ അർപ്പിയ്ക്കുന്ന ഹവിസ്സ് അഥവാ യജ്ഞഭാഗം സ്വീകരിക്കാൻ എല്ലാ ദേവി ദേവന്മാരും വരും. പക്ഷേ ഹവനം എന്ന് പറഞ്ഞാൽ അത് ഒരു ദേവന് അല്ലെങ്കിൽ ദേവിയ്ക്കു വേണ്ടി നടത്തുന്ന ഒന്നാണ്. ഉദാഹരണം : ഗായത്രി ഹവനം - അഗ്നിയിൽ വസ്തുക്കൾ സമർപ്പിക്കുന്നത് മുഖ്യ കർമ്മമായുള്ള ആചാരമാണ് ഇവ രണ്ടും [1] . വേദകാലഘട്ടം മുതൽ ഋഷിമാർ ഹോമം അനുഷ്ഠിച്ചു വരുന്നു. പൗരാണിക കാലത്ത് ഹോമം എന്നത് യജ്ഞത്തിലെ ഒരു ഭാഗം മാത്രമായിരുന്നു. എന്നാൽ ആധുനിക കാലത്ത് യജ്ഞം എന്ന വാക്കിനു പകരമായും ഹോമം/ഹവനം മുതലായ വാക്കുകൾ ഉപയോഗിച്ചു വരുന്നു.[2]

ഹിന്ദുവിശ്വാസത്തിൽ ഹോമം ഒരു പ്രമുഖമായ ആചാരമാണ്. ഹൈന്ദവസംസ്കാരത്തിലെ ഒട്ടുമിക്ക സംസ്കാരാചാരങ്ങൾക്കും (ഷോഡശസംസ്കാരം) ഹോമം ഒരു അവിഭാജ്യഘടകമാണ്. ഹൈന്ദവവിശ്വാസികൾക്ക് പുറമേ ബുദ്ധമതത്തിലും (പ്രത്യേകിച്ച് ടിബറ്റൻ, ജാപ്പനീസ് വജ്രായന ബുദ്ധവിശ്വാസികൾ) ജൈനമതത്തിലും ഹോമത്തിനു പ്രമുഖ സ്ഥാനമുണ്ട്

ഹോമം യജ്ഞത്തിന്റെ ഭാഗമാണ്. എന്നാൽ യജ്ഞം സമൂഹത്തിന്റെയോ ദേശത്തിന്റെയോ ലോകത്തിന്റെയോ പൊതുവായ, മൊത്തത്തിലുള്ള ലക്ഷ്യങ്ങൾക്കായി നടത്തപ്പെടുമ്പോൾ, വ്യക്തിപരമായ ആവശ്യങ്ങൾക്കായി യജ്ഞങ്ങളുടെ ഭാഗമല്ലാതെ ഹോമങ്ങൾ നടത്തപ്പെടാറുണ്ട്.

ചില ഹോമങ്ങൾ

[തിരുത്തുക]

സഹസ്രാബ്ദങ്ങളായി വൈദിക പുരോഹിതർ ഹോമങ്ങൾ നടത്തി വരുന്നു. ചില പ്രധാന ഹോമങ്ങൾ താഴെ നൽകുന്നു: (ഇവിടെ പറയപ്പെടുന്നത് പ്രസ്തുതഹോമത്തിന്റെ ഫലശ്രുതിയിൽ പറഞ്ഞിരിക്കുന്നവയാണ്. ഇവ വിശ്വാസാധിഷ്ഠിതമാണ്, ശാസ്ത്രീയ പിന്തുണയില്ല. ആധികാരികമാകണമെന്നില്ല. ഹോമത്തെ പറ്റിയുള്ള വിവരങ്ങളുടെ പൂർണതയ്ക്കായി ചേർത്തിരിക്കുന്നതാണ്)

ഹോമം   ഉദ്ദേശം
ആയുഷ്യ ഹോമം   ഒരു കുട്ടി ജനിച്ച ഉടനെ ആ കുട്ടിയുടെ ദീർഘായുസിനായി നടത്തപ്പെടുന്നു
മൃത്യുഞ്ജയ ഹോമം   ജീവനു ഭീഷണി ഉണ്ടാകുന്ന അപകടങ്ങൾ മുതലായ സന്ദർഭങ്ങളിൽ ആയുഃരക്ഷയ്ക്കായി നടത്തപ്പെടുന്നു
ധന്വന്തരീ ഹോമം   ആയുരാരോഗ്യ വർധനവിനായി നടത്തപ്പെടുന്നു. ധന്വന്തരീ പ്രീതിയ്ക്കായി ആയുർവേദ വൈദ്യന്മാരും നടത്താറുണ്ട്.
ദുർഗാ ഹോമം   ആത്മധൈര്യം വർദ്ധിക്കുവാനും ശത്രുഭീതി ഒഴിവാക്കാനും നടത്തപ്പെടുന്നു
ചണ്ഡികാ ഹോമം   സർവ്വകാര്യവിജയത്തിനായി നടത്തപ്പെടുന്നു
ഗായത്രീ ഹോമം   സത്കർമ്മവർദ്ധനവിനും സദ്ചിന്തയുണ്ടാകുവാനും ബുദ്ധിതെളിയാനും നടത്തപ്പെടുന്നു
കൃത്യപരിഹാരണ ഹോമം   ക്ഷുദ്രകർമ്മങ്ങളുടെ ദോഷത്തെ പ്രതിരോധിക്കുവാൻ നടത്തപ്പെടുന്നു.
ഗണപതി ഹോമം   വിഘ്നങ്ങൾ മാറുവാൻ നടത്തപ്പെടുന്നു
ലക്ഷ്മി കുബേര ഹോമം   ധനപരമായും മറ്റ് സമ്പത്തുകളുടെയും വർദ്ധനവിനു വേണ്ടി.
മംഗളാ സംസ്കരണ ഹോമം   വിശിഷ്ടാവസരങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായും, മോക്ഷം നേടാനും നടത്തപ്പെടുന്നു
മഹാദേവീ ഹോമം   ദമ്പതിമാർക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുവാനും ഐക്യമുണ്ടാകുവാനും.
നവഗ്രഹ ഹോമം   നവഗ്രഹപ്രീതിയ്ക്കും ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹസ്വാധീനം മൂലമുള്ള ദോഷങ്ങൾ കുറയ്ക്കുവാനും
സുദർശന ഹോമം   സർവ്വകാര്യവിജയം, ശത്രുനാശം ഇവയ്ക്കായി
സന്താനഗോപാലഹോമം   സന്താനഭാഗ്യത്തിനായി
രുദ്ര ഹോമം   സകലപാപപരിഹാരത്തിനായി
വാസ്തു ഹോമം   ഗൃഹപ്രവേശ സമയത്ത്, ഭൂമിയിലെ വാസ്തുദോഷം പരിഹരിക്കാനായി
വിദ്യാ ഹോമം   വിദ്യാലാഭത്തിനായി. ബുദ്ധിവർദ്ധനവിനും വിദ്യയ്ക്കുമായി നടത്തപ്പെടുന്നു
വിശ്വശാന്തി ഹോമം   ആത്മാവും പ്രപഞ്ചവുമായുള്ള സമന്വയത്തിനായും വിശ്വശാന്തിക്കായും.
വിരാജ ഹോമം   സന്യാസം സ്വീകരിക്കുന്ന വേളയിൽ ഇഹലോകബന്ധങ്ങളിൽ നിന്നുള്ള മോചനത്തിനായി.

അവലംബം

[തിരുത്തുക]
  1. Glossary of: Svoboda, Robert (1993). Aghora II: Kundalini. Las Vegas: Brotherhood of Life. ISBN 0-914732-31-5. Archived from the original on 2015-05-07. Retrieved 2013-03-26.
  2. Mehta, Kiran K. (2008). Milk, Honey, and Grapes. Mumbai: Kiran K. Mehta. p. 103. ISBN 1-4382-0915-0.
"https://ml.wikipedia.org/w/index.php?title=ഹോമം&oldid=3800641" എന്ന താളിൽനിന്ന് ശേഖരിച്ചത്