സ്റ്റംപ്
സ്റ്റംപ് എന്നത് സാധാരണമായി ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ഒരു പദമാണ്. സ്റ്റംപ് എന്ന പദം 3 രീതിയിൽ വിവക്ഷിക്കാം;
- വിക്കറ്റിന്റെ ഒരു ഭാഗം.
- ബാറ്റ്സ്മാനെ പുറത്താക്കുന്ന ഒരു രീതി
- ഒരു ദിവസത്തെ കളിയുടെ അവസാനം (സ്റ്റംപ്സ്)
വിക്കറ്റിന്റെ ഭാഗം
[തിരുത്തുക]സ്റ്റംപ് വിക്കറ്റിന്റെ ഒരു ഭാഗമാണ്. മൂന്ന് സ്റ്റമ്പുകളും രണ്ട് ബെയ്ലുകളും ഉൾപ്പെട്ടതാണ് ഒരു വിക്കറ്റ്. കുത്തനെ നാട്ടിയ മൂന്ന് കുറ്റികളാണ് സ്റ്റംപ്. സ്റ്റംപിന്റെ മുകൾഭാഗത്തായാണ് ബെയ്ൽസ് സ്ഥാപിക്കുന്നത്.[1]
71.1 സെന്റിമീറ്റർ ഉയരമാണ് സാധാരണ ഓരോ സ്റ്റംപിനുമുള്ളത്. സ്റ്റംപിന്റെ താഴ്ഭാഗം ഗ്രൗണ്ടിൽ ഉറപ്പിക്കുന്നതിനായി കൂർത്ത അഗ്രത്തോടുകൂടിയതാണ്. ഓരോ സ്റ്റംപിനും അതിന്റെ സ്ഥാനത്തിനനുസരിച്ച് വ്യത്യസ്തമായ പേരുകളാണ് ഉള്ളത്;
- ഓഫ് സ്റ്റംപ്[2] - വിക്കറ്റിന്റെ ഓഫ്സൈഡിലുള്ള സ്റ്റംപ്
- മിഡിൽ സ്റ്റംപ്[3] - വിക്കറ്റിന്റെ മധ്യഭാഗത്തുള്ള സ്റ്റംപ്
- ലെഗ് സ്റ്റംപ്[4] - വിക്കറ്റിന്റെ ഓൺസൈഡിലുള്ള സ്റ്റംപ്
ഓരോ സമയത്തും കളിക്കുന്ന ബാറ്റ്സ്മാന്റെ ബാറ്റിംഗ് രീതിയനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, വലംകൈയ്യൻ ബാറ്റ്സ്മാന്റെ ഓഫ്സ്റ്റംപ് ഇടംകൈയ്യൻ ബാറ്റ്സ്മാനെ സംബന്ധിച്ച് ലെഗ്സ്റ്റംപായിരിക്കും. വലിയ മത്സരങ്ങളിൽ ടി.വി ക്യാമറ ഉറപ്പിച്ച സ്റ്റംപുകളും ഉപയോഗിക്കാറുണ്ട്.
ഒരു ബാറ്റ്സ്മാനെ പുറത്താക്കുന്ന രീതി
[തിരുത്തുക]ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാനെ പുറത്താക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് സ്റ്റംപിങ്. ക്രിക്കറ്റ് നിയമങ്ങളിലെ 39-ആം നിയമമാണ് സ്റ്റംപിങ്ങിനെ സംബന്ധിക്കുന്നത്. ഒരു ബാറ്റ്സ്മാൻ പന്തിനെ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെയോ മറ്റെന്തെങ്കിലും കാരണങ്ങൾക്കൊണ്ടോ ക്രീസിനു പുറത്തിറങ്ങിയാൽ വിക്കറ്റ് കീപ്പറിന് അയാളെ സ്റ്റംപ് ചെയ്ത് പുറത്താക്കാം. അങ്ങനെ നടത്തുന്ന പുറത്താക്കലുകൾ ബൗളർ നേടിയ വിക്കറ്റായി പരിഗണിക്കും. സാധാരണയായി സ്പിൻ ബോളർമാരോ, മീഡിയം ഫാസ്റ്റ് ബോളർമാരോ എറിയുന്ന പന്തുകളിലാണ് സ്റ്റംപിങ്ങിനുള്ള സാധ്യത കൂടുതലായി ഉള്ളത്. ബോളറിന്റെയും വിക്കറ്റ്കീപ്പറിന്റെയും ഒരു കൂട്ടായ പ്രവർത്തനമാണ് സ്റ്റമ്പിങ്ങിലേക്ക് നയിക്കുന്നത് എന്ന് പറയാം. പൊതുവേ സ്ക്വയർ-ലെഗ് അമ്പയർമാരാണ് സ്റ്റംപിങ്ങ് അപ്പീലുകൾ പരിഗണിക്കുന്നത്. വൈഡ് ബോളുകളിലും സ്റ്റംപിങ്ങ് നിയമം ബാധകമാണ്.
ഒരു ദിവസത്തെ കളിയുടെ അവസാനം
[തിരുത്തുക]ക്രിക്കറ്റിൽ ഒരു ദിവസത്തെ കളിയുടെ അവസാനത്തെ സൂചിപ്പിക്കുന്ന പദമാണ് സ്റ്റംപ്സ്. ഈ സാഹചര്യത്തിൽ അമ്പയർ സ്റ്റംപ് ഊരി നീക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Stump". The Free Dictionary By Farlex. Retrieved July 11, 2012.
- ↑ "Off Stump". Sports Definitions.com. Retrieved July 11, 2012.
- ↑ "Middle Stump". Sports Definitions.com. Retrieved July 11, 2012.
- ↑ "Leg Stump". Sports Definitions.com. Retrieved July 11, 2012.