സരാവത് മലനിരകൾ
സരാവത് മലനിരകൾ അല്ലെങ്കിൽ സരാത് (അറബിക്: جبال السروات) അറേബ്യൻ ഉപദ്വീപിലെ പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി പരന്നു കിടക്കുന്ന ഒരു പർവത നിരയാണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രമുഖമായ ഭൂമിശാസ്ത്ര സവിശേഷതകളിൽ ഒന്നാണ് ഇത്. സാരാവത്ത് മലനിരകൾ, വടക്ക് ജോർദാൻ അതിർത്തിയിൽനിന്നും ആരംഭിച്ച് സൌദി അറേബ്യ, യെമെൻ എന്നിവിടങ്ങളിലൂടെ കടന്നു പോയി, ഗൾഫ് ഓഫ് ഏദൻ വരെയെത്തുന്നു. ഈ മലനിരകളുടെ സരാത് അൽ-ഹിജാസ് എന്നറിയപ്പെടന്ന വടക്കൻ പകുതി അപൂർവ്വമായി മാത്രം 2,150 മീറ്റർ വരെ ഉയരത്തിലേയ്ക്കു് പോകുന്നു, എന്നാൽ മദ്ധ്യ ഭാഗങ്ങളും തെക്കൻ ഭാഗങ്ങളും (യഥാക്രമം സരാത് അസീർ, സരാത് അൽ-യെമൻ എന്നിവ) 3,300 മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ഉയരമുള്ള ഈ മലനിരകളാണിത്. ഈ മലനിരകൾ പ്രധാനമായും പാറക്കെട്ടുകൾ നിറഞ്ഞതാണ്, അപൂർവ്വമായി മാത്രം ചിലതിൽ സസ്യങ്ങൾ നിറഞ്ഞിരിക്കുന്നു. ഇവയിലെ മിക്ക കൊടുമുടികളും താരമ്യേന പ്രായം കുറഞ്ഞതും കുണ്ടും കുഴിയും നിറഞ്ഞതുമാണ്. ചിലത് കാലാവസ്ഥയുടെ പ്രഹരത്താൽ നിരപ്പായതാണ്.
മലനിരകളുടെ വടക്കൻ ഭാഗം, സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്തുകൂടി തായിഫിൻറെ വടക്കൻ ഭാഗത്തേയ്ക്കു നീങ്ങുകയും സൗദി അറേബ്യയുടെ തെക്കൻ മുനമ്പ് വരെയെത്തുകയും ചെയ്യുന്നു. ലെബനോൻ, പടിഞ്ഞാറൻ സിറിയ മലനിരകൾ എന്നിവ ഈ മലനിരകളുടെ തുടർച്ചയാണെന്ന് ചിലർ വാദിക്കുന്നു. സൗദി അറേബ്യയുടെ ബാക്കി പ്രദേശങ്ങളേക്കാൾ (അസീർ ഒഴികെ) ഇത് ചെറുതായി ഉയർന്ന പ്രദേശമാണ്. ഈ നിരകളിൽ സങ്കീർണ്ണമായ ഭൂപ്രകൃതിയും കാണാൻ സാധിക്കുന്നു. ശരാശരി ഉയരം ഏകദേശം 1200 മുതൽ 2000 മീറ്റർ വരെയാണെങ്കിലും സമുദ്രനിരപ്പിൽ നിന്ന് 2400 മീറ്റർവരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടുമുടികളുമുണ്ട്.
മദീനക്ക് ശേഷം, മലനിരകൾ തായിഫിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതുവരെ ശിഥിലമായി കാണപ്പെടുന്നു. ദൂരെ തെക്കു ദിക്കിൽ, തായിഫിനു താഴ്ഭാഗത്ത് സൌദി അറേബ്യയിലെ അസീർ പ്രവിശ്യ നിലകൊള്ളുന്നു. ഇവിടെ പരുക്കൻ മലനിര 3,000 മീറ്റർവരെ ഉയരത്തിലെത്തുന്നു. ഇവിടെയുള്ള ജബൽ സൌദ സമുദ്രനിരപ്പിൽ നിന്ന് 2,982 മീറ്റർ വരെ ഉയരത്തിലാണെന്ന് അവകാശപ്പെടുന്നു. സരാവത് മലനിരകളിലെ ഈ ഭാഗം പോലും ടിഹാമ തീരദേശ സമതലത്തിൽ നിന്ന് ഉത്തുംഗത്തിലേയ്ക്കു് പോകുന്ന കിഴുക്കാംതൂക്കായ വലിയ മലഞ്ചരുവുകൾപോലെയാണ്. തായിഫിന്റെ തെക്കു വശമായ ഹിജാസ് ("തടസ്സം" എന്നർഥം) ഏതാണ്ട് പൂർണ്ണമായും 2,000 മുതൽ 2,600 മീറ്റർ വരെ സമുദ്രനിരപ്പിന് മുകളിൽ ഉയരമുള്ളതാണെന്നത് തെളിവുകളിലൂടെ വെളിവാക്കപ്പെടുന്ന വസ്തുതയാണ്.
യെമൻ അതിർത്തിക്കു സമീപത്തെത്തുമ്പോൾ, സാരാവത്ത് മലനിരകൾ വ്യക്തിഗത കൊടുമുടികളായി വ്യാപിക്കാൻ തുടങ്ങുന്നു. ഹിജാസ് ഒരു കിഴുക്കാംതൂക്കായ മലഞ്ചെരിവിന്റെ രൂപത്തിൽനിന്ന് നിന്ന് യെമൻ പീഠഭൂമിയുടെ ഉയരത്തിലേയ്ക്ക് ക്രമേണ മാറുന്നു. 3,000 മീറ്ററിലധികം (9,800 അടി) പർവതനിരകളെല്ലാംതന്നെ യമനിലാണ് സ്ഥിതിചെയ്യുന്നത്. ഇവയിലെ ഏറ്റവും ഉയരമുള്ളത് ജബൽ അൻ നബി ഷുഐബ് ആണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. 3,666 മീറ്റർ (12,027 അടി) ഉയരമുള്ള ഈ കൊടുമുടി തലസ്ഥാനമായ സനായ്ക്കു സമീപമാണ് നിലനിൽക്കുന്നത്.
യെമനിൽ സരാവത്ത് മലനിരകളെ പടിഞ്ഞാറ്, മദ്ധ്യ മലനിരകളായി തരംതിരിച്ചിരിക്കുന്നു. പടിഞ്ഞാറൻ മലനിരകളിൽ ഉപദ്വീപിലെ മറ്റെവിടെ കിട്ടുന്നതിലും കൂടുതൽ മഴ ലഭിക്കുന്നു. മദ്ധ്യ മലനിരകളിലാണ് ഏറ്റവും ഉയരമുള്ള പർവതങ്ങളുള്ളത്.
യമനി സരാവത്ത് മലനിരകളിലെ വളരെ നാടകീയമായ ഭാഗം ഹരാസ് പർവതനിരകളാണ്. ഇവിടെ ഏതാനും കൊടുമുടികൾ ഏകദേശം 3000 മീറ്റർ ഉയരം ഉള്ളതും, പർവതനിരകളിൽ നിന്നു മലഞ്ചെരിവുകളിലേയ്ക്കുള്ള കാഴ്ച്ച അതിശയകരവും സംഭ്രമജനകവുമാണ്. ചില മലകളുടെ അടിവാരം സമുദ്രനിരപ്പിൽ നിന്നും 500 മീറ്ററാണ് ഉയരമെങ്കിലും അവയുടെ കൊടുമുടികളുടെ ഉയരം 2,800-3,300 മീറ്റർ ആണ്.
ഭൂമിശാസ്ത്രപരമായി പറയുകയാണെങ്കിൽ, സരാവത്ത് മലനിരകൾ അറേബ്യൻ ഷീൽഡിന്റെ ഭാഗമാണ്. ഇവയിൽ പലതും അഗ്നിപർവത ശിലകളാണ്. മലനിരകളുടെ പടിഞ്ഞാറൻ ചരിവുകൾ ചെങ്കടൽ തീരത്തേയ്ക്ക് ത്സടുതിയിൽ അവസാനിക്കുകയും, എന്നാൽ മലനിരകളുടെ കിഴക്ക് ഭാഗം നേരിയ ചരിവോടുകൂടിയതും കാർഷിക മേഖലയെ സംരക്ഷിക്കുന്ന വാദികളെ വിഭജിച്ചു കടന്നു പോകുന്നതുമാണ് (പ്രത്യേകിച്ച് സരാവാത്ത് മലനിരകളുടെ തെക്കൻ ഭാഗങ്ങൾ) ഇവിടെ മലനിരകൾ മൺസൂണിനെ സ്വീകരിക്കുന്നു.
സരാവാത്തിനടുത്തുള്ള നഗരങ്ങളിൽ ഇസ്ലാമിന്റെ പവിത്ര നഗരമായ മക്കയാണ്. ഇത് സരാവാത്ത് മലനിരകളുടെ മധ്യത്തിൽ ഏകദേശം താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. യെമന്റെ തലസ്ഥാനമായ സനയും സരാവത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടികൾക്കു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.
ചിത്രശാല
[തിരുത്തുക]-
Ridges of Sarawat Mountains
-
Ta'if Mountains
-
ISS-36 Nighttime view of southwestern Saudi Arabia