Jump to content

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി (2019–തുടരുന്നു)
-യുടെ ഭാഗം
ജനങ്ങൾ എൽ പി ജി സിലണ്ടറുകൾ റീഫിൽ ചെയ്യാനായി മണിക്കൂറുകളോളം കാത്തുനിൽക്കുന്നു
തിയതി21 ഏപ്രിൽ 2019 – തുടർന്നുകൊണ്ടിരിക്കുന്നു
(5 വർഷം, 7 മാസം, 3 ആഴ്ച and 6 ദിവസം)
സ്ഥലം
ശ്രീലങ്ക
കാരണങ്ങൾ
  • 2019ലെ ശ്രീലങ്കയിലെ ഈസ്റ്റർ ബോംബാക്രമണം
  • കോവിഡ് 19 പ്രതിസന്ധി
  • വിദേശ നാണ്യ കമ്മി
  • പാർലമെൻ്റ് പാസ്സാക്കിയ രാസവള നിരോധന നിയമം(പിന്നീട് തിരുത്തി)
  • രാജപക്ഷ കുടുംബത്തിൻ്റെ സാമ്പത്തിക മിസ് മാനേജ്മെൻ്റ്
  • ഐ.എം.എഫിൽ നിന്ന് സഹായം സ്വീകരിക്കുവാനുള്ള വിരോധം
  • 2022ലെ റഷ്യയുടെ യുക്രെയിൻ കൈയ്യേറ്റം
സ്ഥിതിതുടർന്നുകൊണ്ടിരിക്കുന്നു.

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി 2019ൽ തുടങ്ങി ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയാണ്. ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല ശ്രീലങ്കയിലെ പ്രതിസന്ധി. പതുക്കെ പതുക്കെ പ്രകടമാവുകയും പിന്നീടത് മൂ‍ർച്ഛിക്കുകയുമായിരുന്നു. നിരവധി ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. തുടർച്ചയായ സർക്കാരുകളുടെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് വിമർശകർ പറയുന്നു. ധന കമ്മിയ്‌ക്കൊപ്പം ബജറ്റിലെ ഇടിവും വന്നുചേർന്നുള്ള ഇരട്ട സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാരുകളുടെ കെടുകാര്യസ്ഥത കാരണമായെന്നും അവർ പറയുന്നു. [1]“ശ്രീലങ്ക ഒരു ക്ലാസിക് ഇരട്ട ധന കമ്മി സമ്പദ്‌വ്യവസ്ഥയാണ്,” 2019 ലെ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് വർക്കിംഗ് പേപ്പർ പറഞ്ഞിരുന്നു. “ഒരു രാജ്യത്തിന്റെ ദേശീയ ചെലവ് ദേശീയവരുമാനത്തേക്കാൾ കൂടുതലാണെന്നും അതിന്റെ വ്യാപാര ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്പാദനം അപര്യാപ്തമാണെന്നും ഇരട്ട സാമ്പത്തിക കമ്മി എന്നത് സൂചിപ്പിക്കുന്നു.” [2][3]

ഏറെ നാളുകളായുള്ള സാമ്പത്തിക കെടുകാര്യസ്ഥത

[തിരുത്തുക]

2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജപക്‌സെ വാഗ്ദാനം ചെയ്ത ആഴത്തിലുള്ള നികുതി വെട്ടിക്കുറവാണ് നിലവിലെ പ്രതിസന്ധി ത്വരിതപ്പെടുത്തിയത്. കോവിഡ് മഹാമാരിക്ക് മാസങ്ങൾ മുൻപ് നടപ്പാക്കിയ ഈ പരിഷ്കരണം ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗികമായി നശിപ്പിച്ചു. രാജ്യത്തെ ലാഭകരമായ ടൂറിസം വ്യവസായവും വിദേശ തൊഴിലാളികളുടെ പണമിടപാടുകളും കോവിഡ് മഹാമാരി കാരണം കുറഞ്ഞതോടെ, ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ശ്രീലങ്കയെ തരംതാഴ്ത്തി. ഇതോടെ അന്താരാഷ്ട്ര മൂലധന വിപണിയിൽ നിന്ന് അവർ മാറിനിൽക്കേണ്ട അവസ്ഥ വന്നു. [4] ശ്രീലങ്കയുടെ അന്താരാഷ്ട്ര വിപണികളിയിൽ ഇടപെടുന്നതിനുള്ള പദ്ധതികൾ പാളം തെറ്റുകയും വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 70 ശതമാനം ഇടിയുകയും ചെയ്യുന്നു. 2021-ൽ എല്ലാ രാസവളങ്ങളും നിരോധിക്കാനുള്ള രാജപക്‌സെ സർക്കാരിന്റെ തീരുമാനം വന്നു. [5]ഇത് രാജ്യത്തിന്റെ കാർഷിക മേഖലയെയും ബാധിക്കുകയും നെല്ലുൽപാദനത്തിൽ ഇടിവുണ്ടാക്കുകയും ചെയ്തു. പിന്നീട് ഈ തീരുമാനം മാറ്റിമറിക്കപ്പെടുകയും ചെയ്തിരുന്നു. കുറച്ച് നാളുകളായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം ഉണ്ടായിരുന്നില്ല. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം വൻതോതിൽ ചെലവായി തുടങ്ങി. കയറ്റുമതി വഴിയുള്ള വിദേശനാണ്യ വരവ് തീരെ കുറഞ്ഞു. ഇതാകട്ടെ വിദേശനാണയ ശേഖരത്തിൽ വൻ ഇടിവുണ്ടാക്കി. പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കൻ സർക്കാ‍ർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നു. ചിലയിനം പഴങ്ങൾ, പാൽ, കാറുകൾ, ഫ്ലോർ ടൈലുകൾ ഇവയെല്ലാം അക്കൂട്ടത്തിൽപ്പെടും. രാജ്യത്തെ പണം പുറത്തേക്ക് , വിദേശനാണ്യമായി പോകാതിരിക്കാനായിരുന്നു നടപടി. ഇത് വേണ്ടത്ര ഫലം കാണാതായതോടെ അവശ്യവസ്തുക്കളുടെ ഇറക്കുമതിയിലും നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. [6]സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിൽ ഒരു കപ്പ് ചായയ്ക്ക് 100 ലങ്കൻ രൂപയായി വില. പാൽപ്പൊടിക്കും പാലിനും വില കൂടിയതോടെയാണ് സാധാരണക്കാരുടെ പാനീയമായ ചായയ്ക്കും വിലകൂടിയത്. ഒരു ലിറ്റർ പാലിന് 263ലങ്കൻ രൂപയായപ്പോൾ 400 ഗ്രാ൦ പാൽപ്പൊടിക്ക് 250 രൂപയുമാണ് ഉയർത്തിയത്.[7]ഇതിനുപുറമെ പാചകവാതക വില കുത്തനെ ഉയർത്തിയത് മൂലം ജനങ്ങൾ പാചകം ചെയ്യാനായി മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ച് തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് കൂട്ടിയത്. അഞ്ച് മണിക്കൂർ നീളുന്ന പവർകട്ട് മൂലം ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്നമായി. വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെയാണ് മണിക്കൂറുകൾ നീളുന്ന പവർകട്ടിലേക്ക് രാജ്യം വീണത്. പെട്രോളിനും ഡീസലിനും 40 % വില വർധനവുണ്ടായത് ഇന്ധനക്ഷാമം രൂക്ഷമാക്കി. മണിക്കൂറുകളോളം കാത്തുകിടന്നാണ് ജനങ്ങൾ ഇന്ധനം വാങ്ങുന്നത്. അസംസ്കൃത എണ്ണയുടെ ശേഖരം തീർന്നതിനെ തുടർന്ന് ലങ്കയിലെ ഏക സംസ്കരണശാല ഇന്നലെ പൂട്ടി. [8] അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് പുറമെ പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം മൂലം രാജ്യത്തെ സ്കൂളുകളിൽ പരീക്ഷകൾ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ചോദ്യപ്പേപ്പർ അച്ചടിക്കാനുള്ള കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതോടെയാണ് 9,10,11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകൾ മാറ്റിയത്.[9][10][11][12]

കൊവിഡ് 19 പ്രതിസന്ധി

[തിരുത്തുക]

വിനോദസഞ്ചാര മേഖലയെ പ്രധാനമായി ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ കൊവിഡ് 19 ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി തകർക്കുന്നതിൽ പ്രധാന കാരണമായി. 300 മുതൽ 500 കോടിയാണ് ടൂറിസത്തിലൂടെ ശ്രീലങ്കക്ക് പ്രതിവർഷം ലഭിച്ചിരുന്ന വരുമാനം. 18 മാസമാണ് ശ്രീലങ്കയിലെ ആദ്യ ലോക്ക്ഡൗൺ നീണ്ടത്. ഇക്കാലയളവിൽ ടൂറിസത്തിൽ നിന്നുണ്ടാകുന്ന വരുമാന നഷ്ടം മറികടക്കാൻ മറ്റ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു. സർക്കാറിന്റെ കൊവിഡ് വാക്‌സിനേഷൻ നയം പോലും ചോദ്യം ചെയ്യപ്പെട്ടു. പ്രതിസന്ധികൾ മുൻകൂട്ടി കാണുന്നതിലും സർക്കാർ പരാജയപ്പെട്ടു. 2020ൽ ശ്രീലങ്കയുടെ എക്കോണമി 3.6 ശതമാനമായി ചുരുങ്ങി. കയറ്റുമതി 180 കോടി ഡോളറായി ചുരുങ്ങി. [13][14]

പാളിയ കൊവിഡ് നയങ്ങളും തകർന്ന ടൂറിസവും

[തിരുത്തുക]

300 മുതൽ 500 കോടി ഡോളർ വരെയാണ് ശ്രീലങ്കക്ക് ടൂറിസത്തിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം. കൊവിഡ് കാലത്ത് ഈ വരുമാനത്തിന് ഇടിവ് സംഭവിച്ചു. കൊവിഡ് 19 മാരമായി വ്യാപിച്ച സമയത്ത് സർക്കാർ വിനോദസഞ്ചാരികൾക്കായി രാജ്യം തുറന്നുകൊടുത്തു. ഇത് വലിയ തിരിച്ചടിയായി. യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിനോദ സഞ്ചാര പട്ടികയിൽ ശ്രീലങ്ക ഇപ്പോഴും അപകടകരമായ കൊവിഡ് സ്ഥിതി വിശേഷമുള്ളവയുടെ ഗണത്തിലാണ്. 2021 ജൂലൈയിലെ കണക്ക് പ്രകാരം 19,300 വിനോദ സഞ്ചാരികൾ മാത്രമാണ് ശ്രീലങ്കയിൽ എത്തിയത്. 23 ലക്ഷം പേർ വരേണ്ട സ്ഥാനത്തത്താണ് 19500 പേർ എത്തിയത്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച മറ്റ് രാജ്യങ്ങൾക്കും കൊവിഡ് സമയം തിരിച്ചടി നേരിട്ടെങ്കിലും അവരൊക്കെ പതിയെ സ്വാഭാവികതയിലേക്ക് തിരിച്ചെത്തിയപ്പോഴും ശ്രീലങ്ക കയത്തിൽ നിന്ന് കരകയറിയിട്ടില്ല. [15][16]

ഗൊതബയ രാജപക്ഷ നികുതിയിൽ നൽകിയ ഇളവ്

[തിരുത്തുക]

2019ൽ അധികാരത്തിൽ എത്തിയ ഉടനെ പ്രസിഡന്റ് ഗോതബായ രാജപക്‌സെ നികുതി ഘടനയിൽ വരുത്തിയ മാറ്റം പ്രതീക്ഷിക്കാത്ത തിരിച്ചടിയായി. [17][18]കോർപറേറ്റ് നികുതിയിലും മൂല്യവർധിത നികുതിയിലും വരുത്തി കുറവ് 5600 കോടി ശ്രീലങ്കൻ രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെ വന്ന കൊവിഡ് മഹാമാരി സർക്കാറിന്റെ കണക്കുകൂട്ടലുകൾ പാടെ തകർത്തു. അമിതമായ പണ അച്ചടിയുടെ പ്രതികൂല ഫലങ്ങൾക്ക് ശ്രീലങ്ക സാക്ഷ്യം വഹിക്കുകയാണ്. പണപ്പെരുപ്പം 6% ആയി മാറി. ഭക്ഷ്യ വിലക്കയറ്റം 11.5%ആയി ഉയർന്നു. 2020ന് മുമ്പ്, ശ്രീലങ്കയുടെ ബജറ്റ് കമ്മി ജിഡിപിയുടെ 6% ആയിരുന്നു. 2020ൽ ഇത് ഏകദേശം 11.2% ആയി ഉയർന്നു. സർക്കാരുകൾ സിവിൽ സർവീസിൽ ഓരോ വർഷവും ഏകദേശം 100,000 ജോലികൾ നൽകുന്നു. പെൻഷനും ശമ്പളത്തിനുമായി സർക്കാർ വരുമാനത്തിന്റെ 80% ചെലവാകുന്നു. അതിന് പുറമെ, വായ്പാ തിരിച്ചടവിനും പലിശക്കും വലിയ തുക ചെലവാക്കണം.[19][20][21]

ഭീമമായ കടമെടുപ്പ്

[തിരുത്തുക]

അനിയന്ത്രിതമായ കടമെടുപ്പാണ് ശ്രീലങ്കൻ സാമ്പത്തിക രംഗത്തെ പെട്ടെന്ന് തകർച്ചയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശ്രീലങ്കയുടെ കട സുസ്ഥിരത പാടേ തകർന്നു. 2020ന്റെ അവസാനം ശ്രീലങ്കയുടെ കടം-ജിഡിപി അനുപാതം 101 ശതമാനമായിരുന്നു. 2022ഓടു കൂടി ഇത് 108 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. 2021-2025നും ഇടയിൽ വിദേശകടം വീട്ടാനായി മാത്രം ശ്രീലങ്കക്ക് നാനൂറ് മുതൽ അഞ്ഞൂറ് കോടി വരെ യുഎസ് ഡോളർ ആവശ്യമായി വരും. അതോടൊപ്പം ശ്രീലങ്കയുടെ ബജറ്റ് കമ്മിയും പേമന്റ് കമ്മിയും കുത്തനെ ഉയർന്നു. 2021ൽ 100 കോടി ഡോളറിന്റെ കടം വീട്ടിയതോടെ വിദേശനാണ്യ കരുതൽ 280 കോടി ഡോളറായി ചുരുങ്ങി. സാധാരണ വായ്പയെടുത്ത് പരിഹരിക്കാവുന്ന പ്രശ്‌നമാണെങ്കിലും കുറഞ്ഞ ക്രെഡിറ്റ് റേറ്റിങ് കാരണം വായ്പാ ലഭ്യത വെല്ലുവിളിയാണ്. നിക്ഷേപകരും ശ്രീലങ്കയെ കൈവിടുകയാണ്. ശ്രീലങ്കയുടെ വികസന ബോണ്ടുകൾ നിക്ഷേപകർ ഉപേക്ഷിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായി ഇടക്കാലത്ത് ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ഹ്രസ്വകാല കറൻസി ഇടപാടുകൾ ആരംഭിച്ചു. എന്നാൽ ഇത് വളരെ ചെലവേറിയതാണ്. കുറഞ്ഞ തിരിച്ചടവ് കാലവും ഉയർന്ന പലിശ നിരക്കുമാണ് കറൻസി കൈമാറ്റത്തിന്റെ പ്രത്യേകത. ഇതെല്ലാം ശ്രീലങ്കയിലെ പ്രശ്‌നങ്ങളുടെ ആഴം വർധിപ്പിച്ചു.[22][1]

ചൈനീസ് കടക്കെണി

[തിരുത്തുക]

സാമ്പത്തിക സഹായം നൽകി കുരുക്കിലാക്കുക എന്ന ചൈനീസ് തന്ത്രത്തിലും ശ്രീലങ്ക വീണുപോയി. ഇന്ത്യയെ വളയൽ പദ്ധതിയുടെ ഭാ​ഗമായിട്ടാണ് ചൈന ശ്രീലങ്കയെ നോട്ടമിട്ടത്. ഹംബണ്ടോട്ടാ തുറമുഖ നി‍ർമാണത്തിലൂടെയാണ് ചൈന ലങ്കയെ വീഴ്ത്തിയത്. തുറമുഖ നി‍ർമാണത്തിനായി വൻ വായ്പ നൽകി. ചൈനീസ് ബാങ്കുകൾ വഴി നൂറ് കോടിയിലേറെ ഡോളറാണ് ലഭ്യമാക്കിയത്.[23] അതോടൊപ്പം, തുറമുഖത്തിന്റെ അറുപത് ശതമാനത്തിലേറെ ഓഹരികൾ ചൈനീസ് കമ്പനികൾക്ക് നൽകേണ്ടിയും വന്നു. തുറമുഖ നിർമാണം വഴിയുള്ള കടം ആദ്യം 900 കോടി ശ്രീലങ്കൻ രൂപയായും പിന്നീട് 4670 കോടി ശ്രീലങ്കൻ രൂപയായും വ‍ർധിച്ചു. കടം തീർക്കാൻ ഒടുവിൽ തുറമുഖം തന്നെ 99 വർഷത്തെ പാട്ടത്തിന് ചൈനീസ് കമ്പനിക്ക് നൽകേണ്ടി വന്നു. [24] ചൈന ഒരു അന്താരാഷ്ട്ര തുറമുഖപട്ടണം നിർമ്മിക്കുന്നതിനായി കൊളംബോ തുറമുഖ മേഖലയെ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ടായിരുന്നു. സിംഗപ്പൂരിനെയും ദുബായിയെയും മറികടക്കുന്ന തരത്തിലുള്ള നഗരമാണ് ചൈന ഇവിടെ ലക്ഷ്യം വെച്ചിരുന്നത്. [25] ചൈനയുടെ ഈ കടക്കെണി നയതന്ത്രം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതവും ചെറുതല്ല.[26][27]

വിദേശനാണ്യ കമ്മി

[തിരുത്തുക]

വിദേശനാണ്യത്തിന്റെ കുറവാണ് ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ മറ്റൊരു കാരണം. വിദേശ കടം വീട്ടേണ്ടി വന്നതോടെ വിദേശനാണ്യ കരുതലിൽ വലിയ കുറവുണ്ടായി. ജൂണിൽ ബാങ്കുകൾ ബാങ്കുകൾക്ക് ഡോളർ വായ്പ നൽകരുതെന്ന് സെൻട്രൽ ബാങ്ക് ഉത്തരവിറക്കി. സ്വകാര്യ ബാങ്കുകൾ ഫണ്ട് മറ്റ് വിപണിയിൽ നിന്ന് കണ്ടെത്തണമെന്നും അറിയിച്ചു. രാജ്യത്ത് ഡോളർ കൈവശം വെക്കുന്ന കയറ്റുമതിക്കാർ വ്യാപരത്തിന് തയ്യാറാകാത്തതാണ് വിദേശനാണ്യ ലഭ്യതയുടെ കുറവിന്റെ പ്രധാനകാരണം. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുന്നത് നേട്ടമായിട്ടാണ് കയറ്റുമതിക്കാർ കാണുന്നത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് നിബന്ധനകളൊന്നുമില്ലാതെയാണ് ഐഎംഎഫ് 787 ദശലക്ഷം ഡോളർ ശ്രീലങ്കക്ക് നൽകിയത്. അതിന് പുറമെ, സെൻട്രൽ ബാങ്ക് ഹ്രസ്വകാല കറൻസി ഇടപാടിലൂടെ 359 കോടി ഡോളറും ലഭ്യമാക്കി. ഇതൊന്നും പ്രതിസന്ധി മറകടക്കാൻ ഉതകുന്നതല്ല എന്നതാണ് യാഥാർത്ഥ്യം.[28][29]

തലതിരിഞ്ഞ ജൈവകൃഷി നയം

[തിരുത്തുക]

കാർഷിക നയത്തിൽ ഗൊതബയ രാജപക്ഷ വരുത്തിയ മാറ്റം സാമ്പത്തികാവസ്ഥയെ തകിടം മറിച്ചു. [30][3] കാർഷിക മേഖലയിൽ ജൈവരീതിയിലല്ലാത്ത രാസവളവും കീടനാശിനിയും അണുനാശിനിയും ഗൊതബയ രാജപക്ഷ 2021 ഏപ്രിൽ മുതൽ പൂർണമായി നിരോധിച്ചു. വലിയ കൂടിയാലോചനകളൊന്നുമില്ലാതെയാണ് ഒറ്റരാത്രി പ്രസിഡന്റ് ഗൊതബയ രാജപക്ഷ ജൈവകൃഷി തീരുമാനം നടപ്പാക്കിയത്. [31][32]എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ല, വിദേശനാണ്യത്തിന്റെ അഭാവവും ജൈവ കൃഷി തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിദഗ്ധർ പറയുന്നു. പ്രതിവർഷം 250 ദശലക്ഷം ഡോളർ രാസവളങ്ങൾ വാങ്ങുന്നതിനായി ശ്രീലങ്ക ചെലവഴിക്കുന്നു. പക്ഷേ, ഭാവിയിലെ ശ്രീലങ്കയുടെ കാർഷിക രംഗത്തെ മൊത്തമായി ബാധിക്കുന്നതാണ് എന്ന് മനസ്സിലാക്കിയില്ല. [33]ജൈവകൃഷി രീതിയെ തുടർന്ന് കാർഷിക ഉൽപാദനം പകുതിയായി കുറഞ്ഞു. [34]ഇതുവഴി തേയില മേഖലയിൽ 625 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് കുറഞ്ഞ കാലയളവിൽ ഉണ്ടായത്. തേയില മേഖലയെ ഈ നഷ്ടം വലിയ പ്രതിസന്ധിയിലാക്കി. ശ്രീലങ്കയിലെ പ്രധാന വിളകളായ കുരുമുളക്, കറുവപ്പട്ട, പച്ചക്കറി, പഴം തുടങ്ങിയ എല്ലാ കാർഷിക മേഖലകളെയും ജൈവകൃഷി തീരുമാനം പ്രതികൂലമായി ബാധിച്ചു. [35]ഉൽപാദന ക്ഷമത 30-50 ശതമാനം വരെ ഇടിഞ്ഞു. കാർഷിക മേഖലയിലെ ഉൽപാദനക്കുറവ് സുഗന്ധവ്യഞ്ജന കയറ്റുമതിയെയും അതുവഴി ലഭിച്ചിരുന്ന വിദേശനാണ്യത്തെയും ബാധിച്ചു. സമീപകാലത്ത് ശ്രീലങ്കക്ക് കയറ്റുമതിയിൽ നിന്ന് ലഭിച്ച വരുമാനത്തേക്കാൾ ഇറക്കുമതിക്ക് ചെലവാക്കേണ്ടി വന്നു. [36][37] [38][39]

കഴുത്തോളം കടം

[തിരുത്തുക]

5100 കോടി ഡോളർ (നാലുലക്ഷം കോടി രൂപ) ആണ് ശ്രീലങ്കയുടെ വിദേശകടം. [40]2022ൽ അടച്ചുതീർക്കേണ്ട 700 കോടി ഡോളറിന്റെ (55,623 കോടി രൂപ) തിരിച്ചടവ് പണമില്ലാത്തതിനാൽ ശ്രീലങ്ക ഏകപക്ഷീയമായി നിർത്തിവെച്ചു. പലിശയ്ക്കുമേൽ പലിശ കുമിഞ്ഞുകൂടുകയാണ്. കോവിഡും അതിനു തൊട്ടുമുമ്പുണ്ടായ ഈസ്റ്റർദിന ഭീകരാക്രമണമുയർത്തിയ അരക്ഷിതാവസ്ഥയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജമേകിയിരുന്ന വിനോദസഞ്ചാരമേഖലയെ തകർത്തു. അരിയും പഞ്ചസാരയും പെട്രോളിയം ഉത്പന്നങ്ങളും പാലുമുൾപ്പെടെ ഭൂരിഭാഗം വസ്തുക്കളും ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയ്ക്ക് അതിനു പണമില്ല. [41]ഇന്ധന ഇറക്കുമതിക്കുമാത്രം മാസം 50 കോടി ഡോളർ (3970 കോടി രൂപ) വേണം. സ്വതവേ ഭക്ഷ്യക്ഷാമമേശാത്ത ശ്രീലങ്കയിൽ പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി പറയുന്നു. [42]അല്ലാത്തവർ ഒരുനേരത്തെയോ രണ്ടുനേരത്തെയോ ആഹാരം കൊണ്ട് മൂന്നുനേരം കഴിയുന്നു.[43]ആവശ്യവും അത്യാവശ്യവും അനാവശ്യവും വിവേചിക്കാതെയും വരവുനോക്കാതെയും സർക്കാരുകൾ കടംവാങ്ങി ചെലവു നടത്തി. ആളുകയറാത്ത മട്ടല വിമാനത്താവളവും ചൈനയ്ക്കു പാട്ടത്തിനുകൊടുക്കേണ്ടിവന്ന ഹംബൻടോട്ട തുറമുഖവും പോലുള്ള 'പൊങ്ങച്ച പദ്ധതി'കളിൽ പണം മുടക്കി. സമ്പദ്‌രംഗം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പില്ലായ്മയും അഴിമതിയും ചേർന്നപ്പോൾ ശ്രീലങ്ക ഈ നിലയ്ക്കായി.[44]

പ്രസിഡന്റ് ഗോതാബയ രാജപക്‌സെയെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രാജപക്‌സെയെയുമാണ് ജനങ്ങൾ അതിനു പഴിക്കുന്നത്. ജനങ്ങളുടെ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ മഹിന്ദ രാജിവച്ചു. മഹിന്ദ രാജിവെച്ച ഒഴിവിൽ, പാർലമെന്റിൽ ഒരു സീറ്റുമാത്രമുള്ള പാർട്ടിയുടെ പ്രതിനിധി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കി. വീണ്ടും തുടർന്ന ജനകീയപ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട ഗോതബയയും പിന്നീട് രാജിവെച്ചു. വിപുലമായ രാഷ്ട്രീയപരിചയവും ആഗോളബന്ധങ്ങളുമുണ്ടായിട്ടും രാജപക്‌സെമാരുമായുള്ള അടുപ്പം റനിലിന്റെ വിശ്വാസ്യതയില്ലാതാക്കി. അങ്ങനെ 'ഗോത ഗോ ഹോം' സമരം 'റനിൽ ഗോ ഹോം' സമരം കൂടിയായി മാറി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: ഈ അവസ്ഥയിലെത്തിയതെങ്ങനെ, ആരാണ് ഇപ്പോൾ സഹായിക്കുന്നത്?". Retrieved 2022-11-17.
  2. "ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: ഈ അവസ്ഥയിലെത്തിയതെങ്ങനെ, ആരാണ് ഇപ്പോൾ സഹായിക്കുന്നത്?". Retrieved 2022-11-17.
  3. 3.0 3.1 ഡെസ്ക്, എഡിറ്റോറിയൽ (2022-03-24). "ശ്രീലങ്കയിൽനിന്ന് പഠിക്കാനുണ്ട് | Madhyamam". Retrieved 2022-11-17.
  4. "ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: ഈ അവസ്ഥയിലെത്തിയതെങ്ങനെ, ആരാണ് ഇപ്പോൾ സഹായിക്കുന്നത്?". Retrieved 2022-11-17.
  5. "പഠിക്കേണ്ട പാഠമാണ് ശ്രീലങ്ക". Retrieved 2022-11-17.
  6. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  7. "Sri Lanka Economic Crisis | ഒരു കപ്പ് ചായയ്ക്ക് 100 ലങ്കൻ രൂപ; 5 മണിക്കൂർ പവർകട്ട്; പെട്രോളിനായി ക്യൂ നിന്ന രണ്ട് പേർ മരിച്ചു". 2022-03-21. Retrieved 2022-11-17.
  8. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  9. "Sri Lanka Economic Crisis | ഒരു കപ്പ് ചായയ്ക്ക് 100 ലങ്കൻ രൂപ; 5 മണിക്കൂർ പവർകട്ട്; പെട്രോളിനായി ക്യൂ നിന്ന രണ്ട് പേർ മരിച്ചു". 2022-03-21. Retrieved 2022-11-17.
  10. "ഇന്ധന പ്രതിസന്ധി രൂക്ഷം; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ശ്രീലങ്ക" (in ഇംഗ്ലീഷ്). Retrieved 2022-11-17.
  11. Desk, Web (2022-03-17). "കിലോ അരിക്കു വില 448 രൂപ, പാലിന് 263, പെട്രോൾ ലിറ്ററിന് 283- പണപ്പെരുപ്പവും വിലക്കയറ്റവും; ശ്രീലങ്കയിൽ ആളിക്കത്തി പ്രതിഷേധം". Retrieved 2022-11-17. {{cite web}}: |last= has generic name (help)
  12. "sri lanka economic crisis refugees to tamil nadu വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങൾക്ക് തീപിടിച്ച വില; പലായനത്തിനൊരുങ്ങി ശ്രീലങ്കൻ ജനത". Retrieved 2022-11-17.
  13. prajeesh.ram. "സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ ശ്രീലങ്ക; കരകയറാനാകുമോ". Retrieved 2022-11-17.
  14. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  15. prajeesh.ram. "സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ ശ്രീലങ്ക; കരകയറാനാകുമോ". Retrieved 2022-11-17.
  16. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  17. prajeesh.ram. "സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ ശ്രീലങ്ക; കരകയറാനാകുമോ". Retrieved 2022-11-17.
  18. "പഠിക്കേണ്ട പാഠമാണ് ശ്രീലങ്ക". Retrieved 2022-11-17.
  19. prajeesh.ram. "സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ ശ്രീലങ്ക; കരകയറാനാകുമോ". Retrieved 2022-11-17.
  20. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  21. "പഠിക്കേണ്ട പാഠമാണ് ശ്രീലങ്ക". Retrieved 2022-11-17.
  22. prajeesh.ram. "സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ ശ്രീലങ്ക; കരകയറാനാകുമോ". Retrieved 2022-11-17.
  23. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  24. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  25. "Sri Lanka Crisis | ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി ചൈനയോ? യഥാർഥ പ്രശ്നം അത് മാത്രമല്ല". 2022-04-02. Retrieved 2022-11-17.
  26. "ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]". Retrieved 2022-11-17.
  27. aavani.pk. "ദരിദ്ര രാജ്യങ്ങളിൽ ചൈന തീർക്കുന്ന കടക്കെണി നയതന്ത്രം". Retrieved 2022-11-17.
  28. prajeesh.ram. "സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ ശ്രീലങ്ക; കരകയറാനാകുമോ". Retrieved 2022-11-17.
  29. "പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക" (in ഇംഗ്ലീഷ്). Retrieved 2022-11-17.
  30. "പഠിക്കേണ്ട പാഠമാണ് ശ്രീലങ്ക". Retrieved 2022-11-17.
  31. "പഠിക്കേണ്ട പാഠമാണ് ശ്രീലങ്ക". Retrieved 2022-11-17.
  32. "ഒടുവിൽ ശ്രീലങ്ക തിരിച്ചറിഞ്ഞു, സമ്പൂർണ ജൈവകൃഷി എന്ന ആശയം പൊതിയാ തേങ്ങയാണെന്ന്". Retrieved 2022-11-17.
  33. vipinvk. "'പൂർണ്ണമായും ജെവ കൃഷി മാത്രം' സർക്കാർ നയത്തിനാൽ വൻ ദുരന്തത്തിൻറെ വക്കിൽ ശ്രീലങ്ക". Retrieved 2022-11-17.
  34. "ഒടുവിൽ ശ്രീലങ്ക തിരിച്ചറിഞ്ഞു, സമ്പൂർണ ജൈവകൃഷി എന്ന ആശയം പൊതിയാ തേങ്ങയാണെന്ന്". Retrieved 2022-11-17.
  35. "ഒടുവിൽ ശ്രീലങ്ക തിരിച്ചറിഞ്ഞു, സമ്പൂർണ ജൈവകൃഷി എന്ന ആശയം പൊതിയാ തേങ്ങയാണെന്ന്". Retrieved 2022-11-17.
  36. prajeesh.ram. "സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽ ശ്രീലങ്ക; കരകയറാനാകുമോ". Retrieved 2022-11-17.
  37. https://www.asianetnews.com/money-economy/sri-lanka-financial-crisis-qzdduo
  38. "ഒടുവിൽ ശ്രീലങ്ക തിരിച്ചറിഞ്ഞു, സമ്പൂർണ ജൈവകൃഷി എന്ന ആശയം പൊതിയാ തേങ്ങയാണെന്ന്". Retrieved 2022-11-17.
  39. vipinvk. "'പൂർണ്ണമായും ജെവ കൃഷി മാത്രം' സർക്കാർ നയത്തിനാൽ വൻ ദുരന്തത്തിൻറെ വക്കിൽ ശ്രീലങ്ക". Retrieved 2022-11-17.
  40. "പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക" (in ഇംഗ്ലീഷ്). Retrieved 2022-11-17.
  41. "പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക" (in ഇംഗ്ലീഷ്). Retrieved 2022-11-17.
  42. "പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക" (in ഇംഗ്ലീഷ്). Retrieved 2022-11-17.
  43. "പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക" (in ഇംഗ്ലീഷ്). Retrieved 2022-11-17.
  44. "പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക" (in ഇംഗ്ലീഷ്). Retrieved 2022-11-17.