വൈദ്യുതഫ്യൂസ്
Fuse | |
---|---|
തരം | Passive |
Working principle | Melting of internal conductor due to heat generated by excessive current flow |
ഇലക്ട്രോണിക് ചിഹ്നം | |
വൈദ്യുത പരിപഥത്തിൽ ഉപയോഗിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് വൈദ്യുതഫ്യൂസ്. പരിപഥത്തിലൂടെ ഒഴുകുന്ന വൈദ്യുതധാര ഒരു നിശ്ചിത ആമ്പിയറിലധികമാകുകയാണെങ്കിൽ ഉരുകിപ്പോകുകയും അതുവഴി വൈദ്യുതപരിപഥം തൂറക്കാനുമായി ക്രമീകരിച്ചിരിക്കുന്ന ഒരു കമ്പിയാണ് ഫ്യൂസിന്റെ പ്രധാന ഭാഗം. വൈദ്യുതോപകരണങ്ങളിൽ കൂടിയ അളവിൽ വൈദ്യുതധാര പ്രവഹിച്ച്, അവ നശിച്ചു പോകാതിരിക്കുന്നതിനായാണ് പരിപഥത്തിൽ ഫ്യൂസ് ഘടിപ്പിക്കുന്നത്.
ഭാഗങ്ങൾ
[തിരുത്തുക]സാധാരണ ഫ്യൂസ് കട്ടകൾ
[തിരുത്തുക]- സ്ഥിരമായി ഉറപ്പിക്കാവുന്ന പോർസലിൻ കട്ട.
- പരിപഥത്തിൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥിരമായ ഭാഗം
- ഫ്യൂസ് കമ്പി കെട്ടുന്ന വേർപെടുത്താവുന്ന ഭാഗം
- ഫ്യൂസ് വയർ - ടിന്നും ലെഡും ചേർന്ന ലോഹസങ്കരം കൊണ്ട് നിർമ്മിച്ച താരതമ്യേന താഴ്ന്ന ദ്രവണാങ്കമുള്ള നേർത്ത കമ്പി.
ഗ്ലാസ് ഫ്യൂസ്
[തിരുത്തുക]- ഗ്ലാസ് ട്യൂബ്
- ഫ്യൂസ് വയർ
പ്രവർത്തനം
[തിരുത്തുക]വൈദ്യുതിയുടെ താപഫലം പ്രയോജനപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഫ്യൂസിലൂടെ വൈദ്യുതി കടത്തിവിടുന്ന സമയത്ത് പരിപഥത്തിൽ ലഘുപഥനം(ഇംഗ്ലീഷ്: Short Circuit) സംഭവിക്കുമ്പോൾ ഉപകരണങ്ങളിൽ അമിതമായ വൈദ്യുത പ്രവാഹം വരികയോ അവയിലെ വൈദ്യുതകവചത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ ചെയ്യുമ്പോൾ ദ്രവണാങ്കം കുറഞ്ഞ ഫ്യൂസ് വയർ ചൂടാകുകയും, ഉരുകിപ്പോകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉപകരണങ്ങളിൽ നിന്നും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും കൂടുതൽ അപകടങ്ങളിൽ വരാതിരിക്കുകയും ചെയ്യുന്നു.
ഫ്യൂസ് തകരാറുകൾ
[തിരുത്തുക]ആവശ്യമുള്ളപ്പോൾ സ്വയം ഉരുകിപ്പോകുന്ന ഫ്യൂസ് ആണു യഥാർത്ഥത്തിൽ പ്രവർത്തനക്ഷമമായ ഫ്യൂസ്. സർക്യൂട്ടിലൂടെ പരിധിയിൽ കവിഞ്ഞ വൈദ്യുതപ്രവാഹം കടന്നുപോവുമ്പോൾ ഇവ സ്വയം കത്തിയെരിഞ്ഞ് സർക്യൂട്ട് തുറക്കണം (ഓഫ് ആവണം).
പക്ഷേ, ശരിയായി ഉറപ്പിക്കാത്തതോ ദ്രവിച്ച ചാലകബന്ധമുള്ളതോ വേണ്ടതിലും കുറഞ്ഞതോ കൂടിയതോ ആയ വണ്ണമുള്ള ഫ്യൂസ് കമ്പി കെട്ടിയതോ ആയ ഫ്യൂസുകൾ ഉപകാരത്തിലേറെ ഉപദ്രവമായി എന്നു വരാം. ശരിയായി ഉറപ്പിക്കാത്തതും ദ്രവിച്ച ടെർമിനലുകളുള്ളതും സർക്യൂട്ടിൽ ലൂസ് കോണ്ടാക്റ്റ് (അസ്ഥിരമായ തുടർച്ചയുള്ള വൈദ്യുതപരിപഥം) നിലനിൽക്കാൻ കാരണമായേക്കാം. ഇത്തരം ലൂസ് കോണ്ടാക്റ്റുകൾ വൈദ്യുതതീപ്പൊരിയ്ക്കു് (Electrical sparc or arc) ഇടവരുത്തും. തീപ്പൊരി മൂലം ഉണ്ടാകുന്ന ചൂടു മൂലം ഫ്യൂസ് കമ്പി ഉരുകിപ്പോവാം. കൂടാതെ, ഈ ഉഗ്രമായ ചൂടിൽ ഫ്യൂസ് കമ്പി ബന്ധിച്ചിരിക്കുന്ന ചാലകാഗ്രങ്ങൾ (ടെർമിനലുകൾ) അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് രാസമാറ്റം വഴി ദ്രവിക്കുകയും സർക്യൂട്ടിലെ പ്രതിരോധം കൂട്ടുകയും ചെയ്യും.രുയർന്ന പ്രതിരോധം കൂടുതൽ ചൂടിനു വഴിവെക്കുകയും ഒടുവിൽ ഗുരുതരമായ അഗ്നിബാധയ്ക്കു വരെ കാരണമാവുകയും ചെയ്യാം.
വേണ്ടതിൽ കുറഞ്ഞ ഘനമുള്ള ഫ്യൂസ് കമ്പികൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടായില്ലെന്നിരിക്കും. പക്ഷേ, സർക്യൂട്ടിൽ കണക്കാക്കിയിട്ടുള്ള പരമാവധി ലോഡ് ചെലുത്തുന്ന സന്ദർഭങ്ങളിൽ ഇവ ഉരുകിപ്പോകാം. ഇടയ്ക്കിടെ ഇങ്ങനെ ഉരുകിപ്പോവുന്ന ഫ്യൂസുകൾ മൂലം അനാവശ്യമായ സേവനഭംഗം (service interruption) സംഭവിക്കാം.
ഫ്യൂസിന്റെ ശരിയായ പ്രവർത്തനം കൊണ്ടായാലും അല്ലെങ്കിലും ഇടയ്ക്കിടെ ഫ്യൂസ് മാറ്റിക്കൊണ്ടിരിക്കേണ്ട 'അസൗകര്യം' ഒഴിവാക്കാൻ ഇലക്ട്രീഷ്യന്മാരോ ലൈൻമാമൻമാരോ ചിലപ്പോൾ സാങ്കേതികമായി യോജിച്ചതിലും കൂടുതൽ വണ്ണമുള്ള ഫ്യൂസ് ഉപയോഗിച്ചെന്നു വരാം. മറ്റു ചിലപ്പോൾ ശരിയായ (കറുത്തീയവും വെളുത്തീയവും ചേർത്ത മിശ്രലോഹം) ഫ്യൂസ് വയറിന്റെ അലഭ്യത മൂലം സ്റ്റീൽ, ചെമ്പ്, അലുമിനിയം തുടങ്ങിയ ലോഹങ്ങൾ കൊണ്ടുള്ള കമ്പി ഫ്യൂസ് ആയി ഉപയോഗിച്ചെന്നും വരാം. ഇത്തരം എളുപ്പവഴികൾ അത്യന്തം അപകടകരമാണു്. സർക്യൂട്ടിൽ അപ്രതീക്ഷിതമായി ലഘുപഥനം (ഷോർട്ട് സർക്യൂട്ട്), ഓവർലോഡിങ്ങ് തുടങ്ങിയ തകരാറുകൾ ഉണ്ടാവുമ്പോൾ ഇത്തരം ഫ്യൂസുകൾ ഉരുകിപ്പോകാതിരിക്കാൻ സാദ്ധ്യതയുണ്ടു്. ഇതിന്റെ ഫലമായി ആ സർക്യൂട്ട് വ്യാപിച്ചുകിടക്കുന്ന മേഖലയിൽ എവിടെയും വലിയ തീപ്പിടുത്തമോ ഉപകരണങ്ങൾക്കു കേടുപാടുകളോ സ്ഥിരമായ നാശമോ ഉണ്ടാവാം.
വൈദ്യുതസ്രോതസ്സിൽ നിന്നും വരുന്ന വിതരണശൃംഖലയിൽ എവിടെയെങ്കിലും സംഭവിക്കാവുന്ന എല്ലാ തരം ലൂസ് കോണ്ടാക്റ്റുകളും മറ്റു വിധങ്ങളിലും ഉപകരണങ്ങൾക്കു ദോഷകരമാണു്. ലൂസ് കോണ്ടാക്റ്റുകൾ ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുത വോൾട്ടേജ് അപവൃത്തി(നോയ്സ്)കൾക്കു് കാരണമാവും. ഇവ ഹാർമോണിക്സ് (അടിസ്ഥാന ആവൃത്തിയുടെ(50 ഹെർട്ട്സ്) ഗുണിതങ്ങളായ ആവൃത്തികളിൽ ഉല്പാദിപ്പിക്കപ്പെടുന്ന വോൾട്ടേജ് തരംഗങ്ങൾ)രൂപത്തിലോ യാതൊരു ക്രമവുമില്ലാത്ത അത്യാവൃത്തി വ്യതിയാനങ്ങളായോ (intermittent high frequency pulses)സംഭവിക്കാം.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, കേരള പാഠാവലി 2004, ഭൗതികശാസ്ത്രം പി.ഡി.എഫ് പതിപ്പ്, പേജ് നം. 28