Jump to content

ലതി കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വടക്കേ മലബാറിൽ‌ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ‌ കളിയാണ് ലതി കളി. വിസ്‌മൃതിയിലേക്കാണ്ടുപോകുന്ന നാടൻ‌ കളികളിൽ‌ ഒന്നാണിത്‌. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കളിയായാണിത് അറിയപ്പെടുന്നതെങ്കിലും പൊതുവേ എല്ലാ കാലത്തും‌ കുട്ടികൾ‌ ലതി കളിച്ചു വന്നിരുന്നു. ആൺ‌ കുട്ടികളാണിതു കളിച്ചു വന്നിരുന്നത്. ക്രിക്കറ്റുമായി ഒരു വിദൂരസാമ്യം‌ അവകാശപ്പെടാവുന്ന കളിയാണു ലതി കളി.

കളിക്കുന്ന വിധം

[തിരുത്തുക]

ലതി കളിക്കാൻ‌ ചുരുങ്ങിയത് മൂന്നുപേരെങ്കിലും‌ ആവശ്യമാണ്. ചെറിയ പരന്ന കല്ലുകളെയാണ് ലതി എന്നു പറയുന്നത്. കല്ലിനു പകരമായി ചിരട്ടകളും‌‌ ഉപയോഗിക്കാറുണ്ട്. പത്തിനു മുകളിലും‌ ഇരുപതിനു‌ താഴെയുമായുള്ള ഒറ്റസംഖ്യകളായാണ്‌ ലതി വെയ്ക്കുന്നത്. ഒരു കല്ലിനു മീതേ മറ്റൊന്നായി എല്ലാ ലതികളും‌ വീഴാതെ വെയ്ക്കുന്നു. ലതി വെച്ച സ്ഥലത്തു നിന്നും‌ ഒരു നിശ്ചിത ദൂരത്തിൽ‌ വര വരച്ചശേഷം‌, ആ വരയ്‌ക്കപ്പുറത്തു നിന്നും‌ ഒരാൾ‌ പന്തെറിഞ്ഞ്‌ ലതികളെ വീഴ്‌ത്തുന്നു. ഒരാൾ‌ക്കു മൂന്നു പ്രാവശ്യം‌ മാത്രമേ പന്തെറിയാൻ‌ പറ്റുകയുള്ളൂ. ഓണക്കാലങ്ങളിൽ‌ ഇതിനുവേണ്ടി ഓലപ്പന്താണുപയോഗിച്ചിരുന്നത്. എന്നാൽ‌ മറ്റുള്ള അവസരങ്ങളിലും‌ സ്‌കൂളുകളിലും‌ കുട്ടികൾ‌ കടലാസുകൾ‌ ചുരുട്ടിപ്പൊതിഞ്ഞുണ്ടാക്കിയ പന്തോ റബ്ബർ‌പ്പന്തോ ഉപയോഗിക്കുമായിരുന്നു. പന്തെറിയുന്ന ആളൊഴിച്ച്‌ ബാക്കിയെല്ലാവരും‌ എതിർ‌ ടീമായിരിക്കും‌.

കുട്ടികൾ‌ ലതി കളിക്കാൻ‌ ഉപയോഗിക്കുന്ന ഓലപ്പന്ത്

പന്തെറിഞ്ഞു ലതി വീഴ്‌ത്തിയ ശേഷം‌ ആ ആളുതന്നെ ലതി നേരെ വെയ്‌ക്കുമ്പോഴാണ് അയാൾ‌ ജയിക്കുക. എന്നാൽ‌ ഇങ്ങനെ ലതി നേരെ വെയ്ക്കാൻ‌ മറ്റുള്ളവർ‌ സമ്മതിക്കില്ല. അവർ‌ പന്തുകൊണ്ട്‌ ആ ആളിന്റെ പുറത്തേക്കു ശക്തമായി എറിയുന്നു. കാൽ‌മുട്ടിനു മുകളിലോ കൈമുട്ടുകൾ‌ക്കു മുകളിലോ ആയി പന്തുകൊണ്ടാൽ‌ അയാൾ‌ കളി തോൽ‌ക്കുന്നു. എന്നാൽ‌ തന്നെ എറിഞ്ഞ പന്തിനെ അയാൾ‌ക്കു ദൂരേക്കു തട്ടിത്തെറിപ്പിക്കാവുന്നതാണ്. ‌കാലുകൊണ്ടോ, തലകൊണ്ടോ ഇതു ചെയ്യാവുന്നതാണ്. കൈകൊണ്ടടിച്ചും‌ തെറിപ്പിക്കമെങ്കിലും‌ വീണുകിടക്കുന്ന പന്തിനെ കൈകൊണ്ടെടുത്ത്‌ ദൂരേക്കെറിയാൻ‌ പാടില്ല. പകുതിവെച്ചുകഴിഞ്ഞ ലതിയെ മറ്റുള്ളവർ‌ക്ക്‌ പന്തുകൊണ്ടെറിഞ്ഞു വീഴ്‌ത്താവുന്നതുമാണ്. അവർ‌ക്കും‌ അതു കൈകൊണ്ടോ കാൽ‌കൊണ്ടോ തട്ടിക്കളയാൻ‌ പാടില്ല.

ഇന്നത്തെ അവസ്ഥ

[തിരുത്തുക]

ഇന്ൻ‌ ഈ കളി എവിടേയും‌ കളിച്ചു വരുന്നില്ല. കുട്ടിയും‌ കോലും‌, തലപ്പന്ത്‌ പോലുള്ള മറ്റുപല കളികളും‌ വിസ്‌മൃതിയിലേക്കു പോയതുപോലെ ഈ കളിയും‌ നാടൻ‌ കളിസ്ഥലങ്ങളിൽ‌ നിന്നും‌ അപ്രത്യക്ഷമായി. ക്രിക്കറ്റ്‌ ജനകീയമായതും സാമൂഹിക - സാമ്പത്തികരം‌ഗങ്ങളിലെ വളർ‌ച്ചയും‌ മറ്റും പല നാടൻ‌ തനിമകളുടെ നാശത്തിലേക്കു വഴി വെയ്ക്കുകയുണ്ടായി. അതിലൊന്നായി ഈ കളിയും.

ഇതും കാണുക

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലതി_കളി&oldid=2904434" എന്ന താളിൽനിന്ന് ശേഖരിച്ചത്