Jump to content

പ്രയാർ ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രയാർ ഗോപാലകൃഷ്ണൻ
നിയമസഭാംഗം
ഓഫീസിൽ
2001-2006
മുൻഗാമിആർ. ലതാദേവി
പിൻഗാമിമുല്ലക്കര രത്നാകരൻ
മണ്ഡലംചടയമംഗലം
മിൽമ ചെയർമാൻ
ഓഫീസിൽ
1984-2001
മുൻഗാമിസ്ഥാപക ചെയർമാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം1941 സെപ്റ്റംബർ 20
പ്രയാർ, ഓച്ചിറ കൊല്ലം ജില്ല
മരണംജൂൺ 4, 2022(2022-06-04) (പ്രായം 80)
വട്ടപ്പാറ, കൊല്ലം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഎസ്.സുധർമ്മ
കുട്ടികൾ1 son and 2 daughters
As of 05 ജൂൺ, 2022
ഉറവിടം: പതിനൊന്നാം കേരള നിയമസഭ

ക്ഷീര കർഷക പ്രസ്ഥാനമായ മിൽമ സ്ഥാപിച്ച മുൻ നിയമസഭ സാമാജികനും കൊല്ലം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ.[1] (1941-2022) 2022 ജൂൺ 4ന് അന്തരിച്ചു.[2][3][4][5][6]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പ്രയാർ ഗ്രാമത്തിൽ ക്ഷീരകർഷകനായിരുന്ന ആർ.കൃഷ്ണൻ നായരുടേയും അധ്യാപികയായിരുന്ന മീനാക്ഷിയമ്മയുടേയും മകനായി 1941 സെപ്റ്റംബർ 20ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബിരുദം നേടി.[7]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കൊല്ലം എസ്.എൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ കോളേജ് യൂണിയൻ ചെയർമാനായാണ് പൊതുരംഗ പ്രവേശനം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രയാർ കെ.എസ്.യു കൊല്ലം ജില്ലക്കമ്മറ്റിയുടെ കൺവീനറായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിൻ്റെ ബ്ലോക്ക്, ജില്ലാ പ്രസിഡൻ്റ്, ഡി.സി.സി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പ്രയാർ 2001-ൽ ഇടത് കോട്ടയായിരുന്ന ചടയമംഗലത്ത് നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1992-ൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ സംഘടന തിരഞ്ഞെടുപ്പിൽ ആൻ്റണി ഗ്രൂപ്പിൻ്റെ സ്ഥാനാർത്ഥിയായി കൊല്ലം ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും ഐ ഗ്രൂപ്പിലെ കെ.സി.രാജനാണ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം ക്ഷീരമേഖലയെ കർമ്മമണ്ഡലമാക്കി ഗുജറാത്തിലെ ആനന്ദ് മാതൃകയിൽ മിൽമ കെട്ടിപ്പടുത്തു.

മിൽമയുടെ ആദ്യ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രയാർ 5 തവണയായി 17 വർഷത്തോളം ഈ പദവിയിൽ തുടർന്നു. കൊല്ലം ജില്ലാ മിൽക്ക് സപ്ലൈയേഴ്സ് യൂണിയൻ പ്രസിഡൻറായിരിക്കെ ധവള വിപ്ലവത്തിൻ്റെ പിതാവ് ഡോ. വർഗീസ് കുര്യനെ കാണാനിടയായതാണ് കേരളത്തിൽ മിൽമയുടെ പിറവിയിലേയ്ക്ക് നയിച്ചത്.

1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും സി.പി.ഐയിലെ ആർ.ലതാദേവിയോട് പരാജയപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.ലതാദേവിയെ പരാജയപ്പെടുത്തി ചടയമംഗലത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചടയമംഗലത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭാംഗമായ ഏക കോൺഗ്രസുകാരനാണ് പ്രയാർ ഗോപാലകൃഷ്ണൻ.[8] 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും സി.പി.ഐയിലെ മുല്ലക്കര രത്നാകരനോട് പരാജയപ്പെട്ടു.

2015-ൽ സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ്റെ ആദ്യ ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കോർപ്പറേഷൻ്റെ രണ്ടാമത്തെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

2015-ലായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറായത്. 2017-ൽ കാലാവധി ചുരുക്കി കൊണ്ടുള്ള ഓർഡിനൻസിലൂടെ പ്രയാറിനെ ഇടത് സർക്കാർ പുറത്താക്കുകയായിരുന്നു.

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാടിനെതിരെ കോൺഗ്രസിൻ്റെ മുന്നണിപ്പോരാളിയായി സ്വന്തം നിലയ്ക്ക് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.

പ്രധാന പദവികളിൽ

  • കോളേജ് യൂണിയൻ ചെയർമാൻ, എസ്.എൻ കോളേജ് കൊല്ലം
  • ജില്ലാ കൺവീനർ, കെ.എസ്.യു കൊല്ലം
  • ജില്ലാ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് കൊല്ലം
  • ഡി.സി.സി ജനറൽ സെക്രട്ടറി, കൊല്ലം
  • പ്രസിഡൻറ്, കൊല്ലം ജില്ലാ സഹകരണ പാൽ വിതരണ യൂണിയൻ
  • സംസ്ഥാന പ്രസിഡൻ്റ്, കേരള സ്റ്റേറ്റ് മിൽക്ക് അസോ.
  • 1982 : മിൽമ, ഡയറക്ടർ ബോർഡംഗം
  • 1984-2001 : മിൽമ ചെയർമാൻ
  • 1988-1991 : വൈസ് പ്രസിഡൻറ്, ഇന്ത്യൻ ഡയറി അസോ.
  • മെമ്പർ, നാഷണൽ ഡയറി ബോർഡ്
  • 2001-2006 : നിയമസഭാംഗം, ചടയമംഗലം
  • 2015-2017 : പ്രസിഡൻറ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്

പുരസ്കാരങ്ങൾ

  • മികച്ച സഹകാരി (1991)
  • ഭരത് ദൂത് അവാർഡ്, ഇന്ത്യൻ കോൺഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ (1995)
  • ഗോൾഡൻ ഗ്ലോബൽ അവാർഡ്, ഗ്ലോബൽ ഇക്കണോമിക്സ് കൗൺസിൽ (1995)
  • സ്വദേശാഭിമാനി അവാർഡ്, കെ.ആർ.ഇളങ്കത്ത് മെമ്മോറിയൽ ട്രസ്റ്റ് (2000)
  • വിദ്യാധിരാജ സേവ പുരസ്കാരം, പന്മന ആശ്രമം (2017)

സ്വകാര്യ ജീവിതം

[തിരുത്തുക]

അദ്ദേഹത്തിൻ്റെ ഭാര്യ എസ്.സുധർമ്മ കാഞ്ഞിരത്തുംമൂട് യു.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപികയാണ്.[9] ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, ഡോ. വിഷ്ണു കൃഷ്ണ എന്നിവർ മക്കളാണ്.

കാർ യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്തെ വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 2022 ജൂൺ 4ന് അന്തരിച്ചു. ജൂൺ 5ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലം ചിതറയിലുള്ള വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.[10][11]

അവലംബം

[തിരുത്തുക]
  1. "പ്രയാർ ഗോപാലകൃഷ്ണന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ | Prayar Gopalakrishnan| Funeral| Death| Manorama News" https://www.manoramaonline.com/news/latest-news/2022/06/05/prayar-gopalakrishnans-funeral.html
  2. "മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ‌ അന്തരിച്ചു; യാത്രയ്ക്കിടെ ഹൃദയാഘാതം" https://www.manoramaonline.com/news/latest-news/2022/06/04/former-mla-prayar-gopalakrishnan-passed-away.amp.html
  3. "പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു, Prayar gopalakrishnan,Prayar gopalakrishnan Passed Away,Prayar gopalakrishnan Death News,Kerala News" https://www.mathrubhumi.com/amp/news/kerala/prayar-gopalakrishnan-passed-away-1.7576696
  4. "കോൺഗ്രസിനുള്ളിലെ സൗമ്യ മുഖം, അടിമുടി രാഷ്ട്രീക്കാരനും വിശ്വാസ സംരക്ഷകനുമായ പ്രയാർ, prayar gopalakrishnan,prayar gopalakrishnan death news,Malayalam News" https://www.mathrubhumi.com/news/kerala/life-story-of-late-congress-leader-prayar-gopalakrishnan-1.7579361
  5. "പ്രയാർ ഗോപാലകൃഷ്ണൻ കേരളത്തിൻറെ പാൽക്കാരൻ | Madhyamam" https://www.madhyamam.com/amp/kerala/prayar-gopalakrishnan-is-the-milkman-of-kerala-1019620
  6. "പ്രയാർ: മിൽമയെ 'കേരളം കണികണ്ട് ഉണരുന്ന നന്മ'യാക്കിയ അമരക്കാരൻ | Madhyamam" https://www.madhyamam.com/amp/kerala/prayar-the-man-who-made-milma-the-good-that-awakens-in-kerala-1019140
  7. "അവസരങ്ങൾ നൽകിയത് കോൺഗ്രസ്; മറ്റൊരു ചിന്തയില്ല -പ്രയാർ | Madhyamam" https://www.madhyamam.com/amp/kerala/prayar-gopalakrishnan-congress-kerala-news/600432
  8. "പ്രയാർ; ചടയമംഗലത്ത് വിജയക്കൊടി പാറിച്ച ഏക കോൺഗ്രസുകാരൻ | Madhyamam" https://www.madhyamam.com/amp/kerala/local-news/kollam/chadayamangalam/prayar-gopalakrishnan-he-was-the-only-congressman-to-win-in-chadayamangalam-1019737
  9. ലേഖകൻ, മാധ്യമം. "മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2022-08-20.
  10. "മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു | Madhyamam" https://www.madhyamam.com/amp/kerala/ex-mla-prayar-gopalakrishnan-passed-away-1019113
  11. "വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ മുൻപന്തിയിൽ നിന്ന പ്രയാർ -കെ. സുധാകരൻ | Madhyamam" https://www.madhyamam.com/amp/kerala/prayar-gopalakrishnan-who-was-at-the-forefront-of-the-struggle-for-the-protection-of-the-faith-k-sudhakaran-1019135
"https://ml.wikipedia.org/w/index.php?title=പ്രയാർ_ഗോപാലകൃഷ്ണൻ&oldid=3979850" എന്ന താളിൽനിന്ന് ശേഖരിച്ചത്