Jump to content

പൂന്താനം മഹാവിഷ്ണു ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ ഗ്രാമപഞ്ചായത്തിൽ പൂന്താനം ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പൂന്താനം മഹാവിഷ്ണുക്ഷേത്രം. ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ കുടുംബക്ഷേത്രമായിരുന്ന ഈ ക്ഷേത്രം, പൂന്താനം ഇല്ലത്തിന് എതിർവശം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, ചതുർബാഹുവായ മഹാവിഷ്ണു തന്നെയാണെങ്കിലും പൂന്താനം പ്രതിഷ്ഠിച്ചതാണെന്ന് പറയപ്പെടുന്ന ഉണ്ണിക്കണ്ണന്നാണ് കൂടുതൽ പ്രശസ്തി. വാർദ്ധക്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് പോകുന്നത് അസാദ്ധ്യമായപ്പോൾ സ്വപ്നദർശനത്തിൽ കണ്ടതനുസരിച്ചാണ് ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്നു. പൂന്താനത്തിന്റെ നേരിട്ടുള്ള താവഴി അറ്റുപോയപ്പോൾ ഇത് അദ്ദേഹത്തിന്റെ മരുമക്കളായ അവണൂർ മനക്കാരുടെ കീഴിലായി. 1989-ൽ ഈ ക്ഷേത്രവും അടുത്തുള്ള ഇല്ലവും അവർ ഗുരുവായൂർ ദേവസ്വത്തിന് കൈമാറുകയുണ്ടായി. ഇപ്പോഴും ഗുരുവായൂർ ദേവസ്വത്തിനു തന്നെയാണ് ക്ഷേത്രാധികാരം. ഗുരുവായൂർ ദേവസ്വത്തിന് നിലവിലുള്ള 12 കീഴേടങ്ങളിൽ ഗുരുവായൂർ പരിസരത്ത് സ്ഥിതിചെയ്യാത്ത രണ്ട് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന അപൂർവ്വം വിഷ്ണുക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഉപദേവതകളായി ഗണപതിയും അയ്യപ്പനും ഭഗവതിയും കുടികൊള്ളുന്നു. ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, ധനുമാസത്തിൽ കുചേലദിനം, കുംഭമാസത്തിൽ പൂന്താനദിനം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിൽ നവരാത്രിയും വിശേഷമാണ്.