എൻ.ഡി. തിവാരി
2002 മുതൽ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായിരുന്നു നാരായൺ ദത്ത് തിവാരി എന്നറിയപ്പെടുന്ന എൻ.ഡി.തിവാരി.(1925-2018) മൂന്നു തവണ ലോക്സഭാംഗം, ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നീ പദവികളിലിരുന്ന തിവാരി 2007 മുതൽ 2009 വരെ ആന്ധ്ര പ്രദേശ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായ ആദ്യ കോൺഗ്രസ് നേതാവാണ് തിവാരി.[1][2][3][4][5][6]
ജീവിതരേഖ
[തിരുത്തുക]അവിഭക്ത ഉത്തർപ്രദേശിലെ നൈനിറ്റാൾ ജില്ലയിലെ ബലൂട്ടിയിൽ പൂർണാനന്ദ് തിവാരിയുടെ മകനായി 1925 ഒക്ടോബർ 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലഹാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നിയമബിരുദവും നേടി. 1942-ൽ സ്വതന്ത്രസമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. അലഹാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ്റെ പ്രസിഡൻറായിരുന്നു. 1945 മുതൽ 1949 വരെ അഖിലേന്ത്യ വിദ്യാർത്ഥി കോൺഗ്രസിൻ്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നതോടെയാണ് തിവാരിയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1952, 1957 വർഷങ്ങളിൽ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ നൈനിറ്റാളിൽ നിന്ന് പി.എസ്.പി ടിക്കറ്റിൽ നിയമസഭയിലെത്തിയ തിവാരി 1963-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1965-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കാശിപ്പൂരിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭാംഗവും സംസ്ഥാന മന്ത്രിയുമായി നിയമിതനായി.
1969-ൽ യുവജന പോഷക സംഘടനയായ ഇന്ത്യൻ യൂത്ത് കോൺഗ്രസ് രൂപീകരിച്ചപ്പോൾ തിവാരി പ്രഥമ അഖിലേന്ത്യ പ്രസിഡൻറായി. 1971 വരെ യൂത്ത് കോൺഗ്രസിൻ്റെ ദേശീയാദ്ധ്യക്ഷനായിരുന്ന തിവാരി 1976-ൽ ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1984-ലും 1988-ലും വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഉത്തർപ്രദേശിലെ അവസാന മുഖ്യമന്ത്രിയാണ് തിവാരി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതോടെ ദലിത് രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിച്ച് സമാജ്വാദി, ബഹുജൻ സമാജ്വാദി പാർട്ടികൾ ഉയർന്ന് വന്നതോടെ കോൺഗ്രസ് യു.പിയിൽ സംഘടന തലത്തിൽ ദുർബലമായി.
1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നൈനിറ്റാൾ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. രാജീവ് ഗാന്ധി സഹതാപ തരംഗം ആഞ്ഞടിച്ച 1991-ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ലോക്സഭയിൽ ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് എൻ.ഡി.തിവാരിയുടെ പേര് പ്രധാനമന്ത്രി പദവിയിലേക്ക് ഉയർന്ന് കേട്ടെങ്കിലും അവസാന നിമിഷം ആ പദവിയിലെത്തിയത് പി.വി.നരസിംഹ റാവുവാണ്.
1994-ൽ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹ റാവുവുമായും കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായും അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ തിവാരി കോൺഗ്രസ് വിട്ട് 1995-ൽ സ്വന്തം പാർട്ടി രൂപീകരിച്ചു. 1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി ടിക്കറ്റിൽ നൈനിറ്റാളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1997-ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയ തിവാരി 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നൈനിറ്റളിൽ നിന്ന് വീണ്ടും പാർലമെൻറംഗമായി.
2002-ലെ ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയതോടെ ലോക്സഭാംഗത്വം രാജിവച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. നിയമസഭാംഗമല്ലാതിരുന്നതിനാൽ രാം നഗർ മണ്ഡലത്തിൽ നിന്ന് ഉപ-തിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തി. 2007-ൽ ആന്ധ്ര പ്രദേശ് ഗവർണറായെങ്കിലും തിവാരിയുടെ അശ്ലീല വീഡിയോ വൈറലായതോടെ 2009-ൽ ഗവർണർ സ്ഥാനം രാജിവച്ചു.[7]
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2018 ഒക്ടോബർ 18ന് 93-മത്തെ ജന്മദിനത്തിൽ അന്തരിച്ചു.[8]
അവലംബം
[തിരുത്തുക]- ↑ "ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ.ഡി.തിവാരി അന്തരിച്ചു | ND Tiwari Passed Away | Manorama Online News" https://www.manoramaonline.com/news/latest-news/2018/10/18/veteran-politician-nd-tiwari-passed-away.amp.html
- ↑ "എൻ.ഡി. തിവാരിക്ക് അന്ത്യാഞ്ജലി | N.D. Tiwari | Manorama Online" https://www.manoramaonline.com/news/india/2018/10/19/09-cpy-adieu-to-n-d-tivari.html
- ↑ "മുൻ കേന്ദ്ര മന്ത്രി എൻ.ഡി തിവാരി അന്തരിച്ചു, ND Tiwari, cogress" https://www.mathrubhumi.com/amp/news/india/veteran-congress-leader-dies-at-93-on-his-birthday-1.3235046
- ↑ "കോൺഗ്രസ് നേതാവ് എൻ.ഡി തിവാരി ബി.ജെ.പിയിലേക്ക്" https://www.mathrubhumi.com/amp/news/senior-congress-leader-narayan-dutt-tiwari-and-his-son-rohit-shekhar-to-join-bjp-later-today-1.1664120
- ↑ "N.D. Tiwari, former CM of Uttar Pradesh and Uttarakhand, passes away - The Hindu" https://www.thehindu.com/news/national/nd-tiwari-former-cm-of-uttar-pradesh-and-uttarakhand-passes-away/article25257490.ece/amp/
- ↑ "N. D. Tiwari Age, Death, Wife, Children, Family, Biography & More » StarsUnfolded" https://starsunfolded.com/n-d-tiwari/
- ↑ "Former Uttarakhand chief minister ND Tiwari dies on his 93rd birthday | Latest News India - Hindustan Times" https://www.hindustantimes.com/india-news/former-up-and-uttarakhand-cm-nd-tiwari-dies-at-93/story-MPBkuVgfFVIs25TrJ5quGP_amp.html
- ↑ "ND Tiwari death: Veteran politician ND Tiwari dies on his 93rd birthday - India Today" https://www.indiatoday.in/amp/india/story/nd-tiwari-dead-1370549-2018-10-18
- ആന്ധ്രാപ്രദേശിന്റെ ഗവർണർമാർ
- ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- ഉത്തർപ്രദേശിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- 1925-ൽ ജനിച്ചവർ
- ഒക്ടോബർ 18-ന് ജനിച്ചവർ
- ഒക്ടോബർ 18-ന് മരിച്ചവർ
- 2018-ൽ മരിച്ചവർ
- ജന്മദിനത്തിൽ മരിച്ചവർ
- ഉത്തരാഖണ്ഡിൽ നിന്നുള്ള ലോകസഭാംഗങ്ങൾ
- ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാർ