ആദിചേരന്മാർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ചേരസാമ്രാജ്യം | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആദിചേരന്മാർ | ||||||||||||||||||||||||||
പിൽക്കാല ചേരന്മാർ | ||||||||||||||||||||||||||
|
||||||||||||||||||||||||||
സംഘകാലഘട്ടത്തിൽ കേരളവും കൊങ്ങു(ങ്കു)നാടും വാണിരുന്ന ചേരരാജാക്കൻമാർ. ചേരം, ചോളം, പാണ്ഡ്യം എന്ന പൗരാണികമൊഴിയുടെ ക്രമത്തെ അടിസ്ഥാനമാക്കി തമിഴകത്തെ രാജവംശങ്ങളിൽ ഏറ്റവും പ്രാചീനമായത് ചേരൻമാരുടേതാണെന്ന് ഒരഭിപ്രായഗതി നിലവിലുണ്ട്. കുടവർ, കുട്ടുവർ എന്നീ പേരുകളിലും ചേരൻമാർ അറിയപ്പെട്ടുവന്നു. ചേരൻമാർക്ക് അധീനമായിരുന്ന കേരളത്തിലെ ചില ഭൂവിഭാഗങ്ങളിൽനിന്നായിരിക്കണം ഈ പേരുകൾ സിദ്ധിച്ചത്. മറ്റു നാടുകളിൽ നിന്നും നോക്കുമ്പോൾ ഉയർന്ന പീഠഭൂമികളുടെ അധീശൻമാരായിരുന്നതുകൊണ്ട് ചേരൻമാരെ 'വാനവർ' എന്നും വിളിച്ചുവന്നു.
പദോല്പത്തി
[തിരുത്തുക]ചെറുമർ, ചേരമാർ, കുട്ടുവൻ,........
ചേരം എന്ന പദത്തിന്റെ ഉത്പത്തി നിർണയിക്കുക പ്രയാസമാണ്. ചേരൽ എന്ന ദ്രാവിഡ പദത്തിൽ നിന്നാണ് ഈ പേരുണ്ടായത് എന്നാണ് കരുതപ്പെടുന്നത്."ചേരുക" എന്ന ക്രിയാപദത്തിൽ നിന്നാണ് "ചേരം" എന്ന വാക്ക് ഉണ്ടായത് (പല നാടുകളെ ഒന്നിച്ചു ചേർത്തവർ എന്ന അർത്ഥത്തിൽ) എന്നാണ് ഇന്ന് പരക്കെ അംഗീകരിക്കുന്നത് 'ചേരു' (രാജാവ് എന്നർഥമുള്ള ഈജിപ്ഷ്യൻ പദം) എന്ന ശബ്ദത്തിൽനിന്നാണ് ഈ വാക്കിന്റെ ഉദ്ഭവമെന്നു മറ്റൊരു കൂട്ടർ വാദിക്കുന്നു. 'ചെറുമർ' എന്ന പദത്തിൽനിന്ന് ഉദ്ഭിന്നമാണ് ചേരം എന്നാണ് കെ.പി. പത്മനാഭമേനോന്റെ അഭിപ്രായം. കുറവരായിരുന്നു ചേരൻമാരുടെ ആദിപിതാക്കളെന്ന് പി.ടി. ശ്രീനിവാസയ്യങ്കാർ അഭിപ്രായപ്പെടുമ്പോൾ, പ്രാചീന തമിഴകത്തിലെ വില്ലവരായിരുന്നു ചേരൻമാരെന്ന് ഇളങ്കുളം കുഞ്ഞൻപിള്ള വാദിക്കുന്നു. കേരങ്ങളുടെ നാടായ 'കേരള'ത്തിൽനിന്നാണ് ഈ പദമുണ്ടായതെന്ന് ഒരു വാദഗതിയും നിലവിലുണ്ട്.
സംഘസാഹിത്യത്തിൽ
[തിരുത്തുക]പുറനാനൂറ്, അകനാനൂറ്, പതിറ്റുപ്പത്ത്, നറ്റിണൈ, ഐങ്കുറുനൂറ്, തൊല്കാപ്പിയം, കുറുംതൊകൈ, പെരുന്തൊകൈ, കലിത്തൊകൈ മുതലായവ ചേർന്നതാണ് മുഖ്യമായും സംഘസാഹിത്യം. ചിലപ്പതികാരവും, മണിമേഖലയും സംഘകൃതികളിൽ ഉൾപ്പെടുന്നുവെന്ന് ചിലർ വാദിക്കുന്നുണ്ട്. അകനാനൂറിലും പുറനാനൂറിലും 400 കവിതകൾ വീതമുണ്ട്. പതിറ്റുപ്പത്തിലെ ഒന്നാം പത്തും, പത്താം പത്തും നഷ്ടപ്പെട്ടുപോയി. ചേരരാജാക്കൻമാരെക്കുറിച്ചു മാത്രമേ പതിറ്റുപ്പത്തിൽ പ്രതിപാദനമുള്ളു. സംഘസാഹിത്യത്തിൽ 2,279 ഗാനങ്ങളാണുള്ളത്; 473-ഓളം കവികളാ (കവയിത്രികളും പെടും)ണവ രചിച്ചത്. ഈ ഗാനങ്ങളിൽ പരമാർശിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്ന ചേരൻമാരെ ആദിചേരൻമാരെന്ന് പൊതുവേ വിളിക്കാം. താഴെ പറയുന്ന ഇരുപത്തിയാറ് ചേരൻമാരുടെ പേരുമാത്രമേ ഇവയിൽനിന്ന് ലഭിച്ചിട്ടുള്ളു.
- ചേരമാൻ പേരുഞ്ചോറ്റുതിയൻ
- ഇമയവരമ്പൻ നെടുഞ്ചേരലാതൻ
- പൽയാനൈ ചെൽകെഴുകുട്ടുവൻ
- കളങ്കായ് കണ്ണിനാർ മുടിച്ചേരൽ
- കടൽപിറകോട്ടിയ വേൽകെഴുകുട്ടുവൻ
- ആട്ടുകൊട്ട് പാട്ടു ചേരലാതൻ
- ചെൽവക്കടുങ്കോവാഴിയാതൻ
- മാന്തരം പൊറൈയൻ കടുങ്കോ
- ചേരമാൻ അന്തുവൻചേരൽ ഇരുമ്പൊറൈ
- പെരുഞ്ചേരൽ ഇരുമ്പൊറൈ
- ചേരമാൻ തകടൂരെറിന്തപെരുഞ്ചേരൽ ഇരുമ്പൊറൈ
- ഇളഞ്ചേരൽ ഇരുമ്പൊറൈ
- ആതൻ ആമിനി
- യാനൈക്കാഴ്ചൈമാന്തരഞ്ചേരൽ ഇരുമ്പൊറൈ
- ചേരമാൻവഞ്ചൻ
- ചേരമാൻ കൂടുവൻകോത
- ചേരമാൻ മാരിവെൺകേ
- ചേരമാൻ കോക്കോതൈ മാർപൻ
- ചേരമാൻ എന്തൈ
- ചേരമാൻ നമ്പിക്കുട്ടുവൻ
- കുട്ടുവൻ കണ്ണൻ
- ചേരമാൻ ചാത്തൻ
- ചേരമാൻ ഇളങ്കുട്ടുവൻ
- ചേരമാൻ കണൈക്കാൽ ഇരുമ്പൊറൈ
- ചേരമാൻ കോട്ടനമ്പലത്തുഞ്ചിയമാക്കോത
- ചേരമാൻ പാലൈപാടിയ പെരുങ്കടുങ്കോ.
ചേര ചോള നാടുകളിൽവച്ച് ഏറ്റവും വലുത് ചേരനാടായിരുന്നു. ചേരനാടിന്റെ പരമ്പരാഗതമായ വിസ്തൃതി 80 കാതമായിരുന്നു (515 കി.മീ.) തെ. ആയ് രാജ്യത്തിനും വ. പൂഴിനാട്ടിനും മധ്യത്തിലാണ് ചേരരാജ്യം സ്ഥിതിചെയ്തിരുന്നത്.
രാജാക്കന്മാർ
[തിരുത്തുക]ഉതിയൻ ചേരൻ
[തിരുത്തുക]ആദിചേരൻമാരിൽ ആദ്യത്തെ രാജാവ്; പെരുഞ്ചോറ്റുതിയൻ ചേരലാതൻ എന്നാണ് പൂർണനാമം; വാനവരമ്പൻ, പേരുംചേരലാതൻ, ചേരലാതൻ എന്നീ പേരുകളിലും ഉതിയൻ അറിയപ്പെടുന്നുണ്ട്. മുരഞ്ചിയൂർ മുടിനാഗരായർ പുറനാനൂറിൽ ഉതിയനെ സ്തുതിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവർക്കും കൌരവർക്കും ഭക്ഷണം നല്കിയതുകൊണ്ടാണ് പെരുഞ്ചോറ്റുതിയൻ എന്ന വിശേഷണം ലഭിച്ചതെന്നു പറയപ്പെടുന്നു. ഇദ്ദേഹം പൂർവികരുടെ സ്മരണയ്ക്കായി യാഗങ്ങൾ ചെയ്തതായും പെരുഞ്ചോറ്റു സദ്യ നടത്തിയതായും കേരളത്തിൽനിന്നുള്ള സംഘകാലകവിയായ മാമൂലനാർ അകനാനൂറിൽ പ്രസ്താവിച്ചിരിക്കുന്നു. യുദ്ധപ്രിയനായ ഇദ്ദേഹം കുട്ടനാടു മുഴുവൻ ആക്രമിച്ചു പിടിക്കുകയും സമകാലികനായ കരികാല ചോളനോടു യുദ്ധം ചെയ്യുകയും ചെയ്തു. ചേരൻമാരുടെയും പാണ്ഡ്യൻമാരുടെയും രാജ്യങ്ങൾക്കു മധ്യത്തിൽ സ്ഥിതി ചെയ്ത രാജ്യത്തിലെ രാജാവായ വേളിന്റെ പുത്രിയെ വിവാഹം ചെയ്ത് ഉതിയൻ തന്റെ സ്ഥാനം ഉറപ്പിച്ചു; തുളുനാട്ടിലെ നന്നൻ ക-ന് സ്വപുത്രിയെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. കൊങ്ങുനാടിന്റെ അധീശത്വം നേടുവാനും ഉതിയനു കഴിഞ്ഞു. ഈ രാജാവിന്റെ നാട് കിഴക്കും പടിഞ്ഞാറും സമുദ്രതീരങ്ങൾവരെ വ്യാപിച്ചിരുന്നതായി മുരഞ്ചിയൂർ മുടിനാകരായർ പ്രസ്താവിക്കുന്നു. വൈക്കത്തിനടുത്തുള്ള ഉദയമ്പേരൂർ സ്ഥാപിച്ചത് ഈ രാജാവായിരുന്നുവെന്ന് കെ.ജി. ശേഷയ്യർ അഭിപ്രായപ്പെടുന്നു. കരികാലചോളനുമായി നടന്ന വെണ്ണിയുദ്ധത്തിൽ ഉതിയനു മുറുവേറ്റു; അപമാനിതനായ ഉതിയൻ ചേരൻ പട്ടിണികിടന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു.
ഇമയവരമ്പൻ നെടുഞ്ചേരലാതൻ
[തിരുത്തുക]ഉതിയൻചേരലാതന് വെളിയൻ വേൺമാൻ എന്ന സാമന്തന്റെ പുത്രിയായ നല്ലിനിയിൽ ജാതനായ പുത്രനാണ് നെടുഞ്ചേരലാതൻ. ചേരരാജാവായിത്തീർന്ന ഇദ്ദേഹം ഹിമാലയംവരെയുള്ള രാജാക്കൻമാരെ തോല്പിച്ച് ചേരൻമാരുടെ വംശചിഹ്നമായ വില്ല് ഹിമശിഖരത്തിൽ കൊത്തിയതുകൊണ്ട് ഇമയവരമ്പൻ എന്ന വിശേഷണം ലഭിക്കാനിടയായി എന്ന് മാമൂലനാർ അകനാനൂറിലെ ഒരു ഗാനത്തിൽ സൂചിപ്പിക്കുന്നു. കദമ്പരുടെ കാവൽമരമായ കടമ്പിനെ മുറിച്ച് അതുകൊണ്ട് മുരശുണ്ടാക്കിയ വീരനാണ് നെടുഞ്ചേരലാതൻ എന്നും മാമൂലനാർ പറയുന്നു. 'ഏഴുമുടിമാർപൻ' (ഏഴു രാജാക്കൻമാരുടെ കിരീടങ്ങൾ ഒരു മാലയായി മാറിൽ അണിയുന്നവൻ) എന്ന ബിരുദവും മറ്റു പല ചേരരാജാക്കൻമാരെപ്പോലെ ഇദ്ദേഹവും സ്വീകരിച്ചു. ഇദ്ദേഹം കീഴടക്കിയ രാജാക്കൻമാർ പാരി, ഓരി, നന്നൻ, കാരി എവ്വി, ആവി, ആയ് എന്നിവരായിരിക്കുമെന്നു കരുതപ്പെടുന്നു. കന്യാകുമാരി മുതൽ ഹിമാലയംവരെയുള്ള ഭൂമി മുഴുവൻ ചേരലാതന്റെ കീഴിലായിരുന്നുവെന്ന് പതിറ്റുപ്പത്തിന്റെ രണ്ടാംപത്തിൽ കുമട്ടൂർ കണ്ണനാർ എന്ന കവി പറയുന്നു. കണ്ണൂരിനടുത്തുള്ള മാന്തൈ ആയിരുന്നു ഇദ്ദേഹത്തിന്റെ തലസ്ഥാനം എന്നു ചിലർ കരുതുന്നു. ഈ നഗരത്തിൽവച്ച് ശത്രുക്കളിൽനിന്നു കപ്പം കൈക്കൊണ്ടതായി പതിറ്റുപ്പത്തിൽ സൂചനകളുണ്ട്. നെടുഞ്ചേരലാതൻ 58 വർഷം ഭരിച്ചു. ഇദ്ദേഹത്തിന്റെ പത്നി ചോളരാജകുമാരിയായ നർച്ചോണയായിരുന്നു. ചോളരാജാവായ കരികാർ പെരുവളത്താന്റെ പുത്രിയായിരുന്നു നർച്ചോണയെന്നു ചില ചരിത്രകാരൻമാർ വിശ്വസിക്കുന്നു. നെടുഞ്ചേരലാതന്റെ ഭാര്യ ചോഴൻ മണക്കിള്ളിയുടെ പുത്രിയായിരുന്നുവെന്ന് പതിറ്റുപത്തിലെ അഞ്ചാംപത്തിൽ പറയുന്നു. ചില ഗ്രീക്കു വ്യാപാരികളെ ഇദ്ദേഹം തടവുകാരായി പിടിച്ചെന്നും വമ്പിച്ച പ്രതിഫലം വാങ്ങിയിട്ടാണ് പിന്നീട് അവരെ വിട്ടയച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ചേരലാതൻ യുദ്ധത്തിൽ വീരമൃത്യു വരിക്കയാണുണ്ടായത്. ഇദ്ദേഹവും ചോളരാജാവായ പെരുവീരർ കിള്ളിയും തമ്മിൽ പോർപുറത്തുവച്ച് ഏറ്റുമുട്ടി. പുറനാനൂറിൽ കളാത്തലൈയാർ ഈ യുദ്ധത്തെ വർണിച്ചിട്ടുണ്ട്. ഈ യുദ്ധത്തിൽ രണ്ടുപേരും മൃതിയടഞ്ഞു. പോർപ്പുറത്തു നടന്ന ഘോരയുദ്ധത്തെപ്പറ്റി പരണരും പാടിയിട്ടുണ്ട്. ഈ ചേരരാജാവിന്റെ ബഹുമാനപാത്രമായ കവി കുമട്ടൂർ കണ്ണനാർ ആണ്.
പൽയാനൈ ചെൽകെഴുകുട്ടുവൻ
[തിരുത്തുക]ഇമയവരമ്പൻ നെടുഞ്ചേരലാതനെത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരനായ പൽയാനൈ ചെൽകെഴുകുട്ടുവൻ ചേരരാജാവായി. ഇദ്ദേഹത്തിന്റെ പേരുതന്നെ ഇദ്ദേഹത്തിന് അനേകം ആനകൾ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. പൽയാനൈ 25 വർഷം രാജ്യം ഭരിച്ചു. പതിറ്റുപത്തിലെ മൂന്നാം പത്തിലെ കഥാനായകൻ ഈ രാജാവാണ്. 'ചെറുപ്പീർപൂഴിയർകോൻ', 'മഴവൻ മെയ്മറൈ', 'ആയിരൈ പൊരുണൻ' എന്നീ വിശേഷണങ്ങൾ ഈ രാജാവിനുണ്ടായിരുന്നു. കുട്ടനാടിന്റെ വ. കിടക്കുന്ന പൂഴിനാടിന്റെ ആക്രമണമാണ് അദ്ദേഹത്തിന്റെ ആദ്യവിജയങ്ങളിലൊന്ന്. ഇതിനാൽ ഉത്തര മലബാറിന്റെ ചില ഭാഗങ്ങളും ചേരരാജ്യത്തിൽ ഉൾപ്പെട്ടിരുന്നു എന്നു കരുതാം. ഈ വിജയത്തിന്റെ ഫലമായി അദ്ദേഹം 'പൂഴിയർകോൻ' എന്ന പേരിൽ അറിയപ്പെട്ടു. തെ. പാണ്ഡ്യരുടെ അധീനത്തിലായിരുന്ന കുട്ടനാടും പിടിച്ചെടുത്തു; അങ്ങനെ കുട്ടുവൻ എന്ന പേരും സമ്പാദിച്ചു. ദക്ഷിണ തിരുവിതാംകൂർ ഉൾപ്പെട്ട വേണാട്ടിലെ ആയ്വേൾമാരെയും പൽയാനൈ പരാജയപ്പെടുത്തി. കാലിസമ്പത്ത് നിറഞ്ഞ കൊങ്ങുനാട് കൈവശമാക്കിയത് ഇദ്ദേഹത്തിന്റെ നേട്ടമായി കരുതപ്പെടുന്നു. ഇദ്ദേഹം ആയിരൈ മലയിലെ ദേവിക്ക് ശത്രുരക്തത്തിൽ കുഴച്ച ചോറ് നിവേദിച്ചതായി പറയപ്പെടുന്നു. ജൈനമതവും ബുദ്ധമതവും പ്രാബല്യത്തിൽ ഇരുന്നിരുന്നു. രണ്ടിനെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ചേരരാജ്യത്തിന്റെ കിഴക്കേ അതിർത്തിയിൽ മരതകഖനികൾക്കു കേൾവികേട്ട പുന്നാടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ആ രാജ്യം പിടിച്ചടക്കിയത് പൽയാനൈയുടെ മറ്റൊരു നേട്ടമാണ്. ഇദ്ദേഹത്തിന്റെ കാലത്തെ കവികളിലും പുരോഹിതൻമാരിലും പ്രസിദ്ധൻ പാലൈഗൌതമനാരായിരുന്നു. ഗൌതമനാരുടെ നേതൃത്വത്തിൽ 10 യാഗങ്ങൾ നടത്തപ്പെട്ടു. കുറച്ചുകാലത്തിനുശേഷം രാജാവു തന്നെ വാനപ്രസ്ഥം സ്വീകരിച്ച് തപസ്സിനു പോയി.
കളങ്കായ് കണ്ണിനാർ മുടിച്ചേരൽ
[തിരുത്തുക]ചേരലാതനു പുതുമൻ ദേവിയിൽ ജനിച്ച പുത്രനായിരുന്നു ഇദ്ദേഹം. കിരീടധാരണത്തിന് ഒരുക്കിവച്ചിരുന്ന മാലയും മകുടവും ശത്രുക്കൾ മോഷ്ടിച്ചുകൊണ്ടുപോയി; എങ്കിലും ചടങ്ങു മാറ്റി വച്ചില്ല. രുദ്രാക്ഷവും ചില സുഗന്ധദ്രവ്യങ്ങളുംകൊണ്ട് അതു നിർവഹിച്ചു. പതിറ്റുപത്ത് നാലാംപത്തിൽ കാപ്പിയാറ്റുകാപ്പിയനാർ നാർമുടിച്ചേരലിനെ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. പൽയാനൈയുടെ ഏകപുത്രനായിരുന്ന ആണ്ടുവൻ പിതാവിനു മുൻപുതന്നെ അന്തരിച്ചതിനാൽ സഹോദരനായ കളങ്കായ്കണ്ണി രാജാവായിത്തീരുകയാണുണ്ടായത്. സുഗന്ധവാഹിയായ 'വെട്ടിവേർ' നാരുകൊണ്ട് കിരീടവും കളങ്കായ് കൊണ്ട് മാലയും നിർമിച്ച് ധരിച്ചിരുന്നതിനാലാണ് ഇദ്ദേഹത്തെ കളങ്കായ് കണ്ണിനാർ മുടിച്ചേരൽ എന്നു വിളിക്കുന്നത്. പൂഴിനാട്ടിലെ നന്നൻ കക ആയിരുന്നു നാർമുടിച്ചേരലിന്റെ പ്രധാന വൈരി. ആദ്യത്തെ ഏറ്റുമുട്ടലായ പാഴിയുദ്ധത്തിൽ നാർമുടിച്ചേരൽ തോല്പിക്കപ്പെട്ടുവെങ്കിലും തുടർന്നുള്ള വാകൈനാവിക യുദ്ധത്തിൽ നന്നൻ കക നെ നിശ്ശേഷം തോല്പിക്കുകയും വധിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ വിജയിച്ച നാർമുടിച്ചേരലിന്, പൂഴിയർകോൻ എന്ന സ്ഥാനപ്പേരും കിട്ടി. ആ വിജയംമൂലം പൂഴിനാടും ചേരസാമ്രാജ്യത്തിൽ ഉൾപ്പെട്ടു. തകടൂരിലെ അതിയമാൻ രാജാവായ നെടുമാൻ അഞ്ചിയെ തോല്പിച്ചു കീഴടക്കിയതും നാർമുടിച്ചേരലിന്റെ നേട്ടമായിരുന്നു. ധർമിഷ്ഠനായിരുന്ന ഈ ചേരരാജാവ് കാപ്പിയാറ്റുകാപ്പിയനാർക്ക് നാലുലക്ഷം സ്വർണനാണയം ദാനം ചെയ്തതായി പറയപ്പെടുന്നു.
കടൽപിറകോട്ടിയ വേൽകെഴുകുട്ടുവൻ
[തിരുത്തുക]നെടുഞ്ചേരലാതന് ചോളരാജകുമാരിയായ മണക്കിള്ളിയിലുണ്ടായ പുത്രനാണ് ഈ രാജാവ്. ചിലപ്പതികാരത്തിലെ പ്രശസ്ത രാജാവായ ചെങ്കുട്ടുവനാണ് വേൽകെഴുകുട്ടുവൻ എന്ന് അനുമാനിക്കപ്പെടുന്നു. സംഘകാലത്തെ രാജാക്കൻമാരിൽ കാലനിർണയം സംബന്ധിച്ച് വ്യക്തമായ തെളിവു ലഭിച്ചിട്ടുള്ള ഏക ചേരരാജാവാണ് ചെങ്കുട്ടുവൻ. സംഘകാല സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും മൊത്തത്തിലുള്ള കാലനിർണയത്തിന് മൂലമായിട്ടുള്ളത് ചെങ്കുട്ടുവന്റെ കാലമാണ്.
ചെങ്കുട്ടുവൻ വഞ്ചിപ്പട്ടണത്തിൽ പത്തിനിക്കടവുളിന്റെ (പത്തിനീദേവി) വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന രാജാക്കൻമാരിൽ സിംഹളത്തിലെ ഗജബാഹുവുമുണ്ടായിരുന്നു. ഈ ഗജബാഹു സിംഹളപരമ്പരയിലെ 46-ാമത്തെ രാജാവായിരുന്നുവെന്ന് മഹാവംശം, ദീപവംശം മുതലായ സിംഹള കൃതികൾ സാക്ഷ്യം വഹിക്കുന്നു. ഗജബാഹുവിന്റെ കാലം എ.ഡി. 171 മുതൽ 193 വരെയാണെന്നു കണക്കാക്കപ്പെടുന്നു. അക്കാലത്ത് ചെങ്കുട്ടുവന് 50 വയസ് പ്രായമുണ്ടായിരുന്നു. അതിനാൽ ഏകദേശം എ.ഡി. 121-നോടടുപ്പിച്ചാണ് ചെങ്കുട്ടുവൻ ജനിച്ചതെന്നു കണക്കാക്കാം.
ആദിചേരൻമാരിൽ ഏറ്റവും ശക്തനും പ്രതാപശാലിയും ചെങ്കുട്ടുവനായിരുന്നു. ഇദ്ദേഹം ഒരു നാവികസേനയെ നിലനിർത്തി കടലിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് കടൽ പിറകോട്ടു പോയതുകൊണ്ടോ, വമ്പിച്ചൊരു നാവികവിജയം നേടിയതുകൊണ്ടോ ആണ് ഇദ്ദേഹത്തെ കടൽപിറകോട്ടിയ കൂട്ടുവൻ എന്ന് പറഞ്ഞുവരുന്നത്. പതിറ്റുപത്ത് അഞ്ചാംപത്തിൽ പരണർ ചെങ്കുട്ടുവനെ സ്തുതിക്കുന്നു. ഉമ്പർക്കാട് എന്ന നാട് ഒന്നോടെ പരണർക്കു ദാനം ചെയ്തതു കൂടാതെ സ്വപുത്രനായ കുട്ടുവഞ്ചേരലിനെയും പരണർക്കു കൊടുത്തു. പൂഴിനാട്ടിലെ നന്നനെയും മോക്കൂറിലെ പഴയനെയും ചെങ്കുട്ടുവൻ പടയിൽ തോല്പിച്ചു. പഴയന്റെ കുടുംബവൃക്ഷമായ വേപ്പുമരം മുറിപ്പിച്ച് അതൊരു വലിയ വണ്ടിയിൽ കയറ്റി ആനകളെക്കൊണ്ട് വലിപ്പിച്ച് തന്റെ തലസ്ഥാനനഗരിയിലേക്ക് ചെങ്കുട്ടുവൻ കൊണ്ടുവന്നു. ഈ പഴയൻ ഒരു കൂറുനില മന്നനായിരുന്നു എന്ന് അരുംപത ഉരൈയാശിരിയർ പ്രസ്താവിക്കുന്നു. ചെങ്കുളത്തുവച്ച് കൊങ്ങൻമാരെ തോല്പിച്ചു; ഗംഗാതടംവരെയുള്ള രാജ്യങ്ങൾ കീഴടക്കിയതായും ചിലപ്പതികാരം പറയുന്നു. കരികാലചോളന്റെ നിര്യാണത്തെത്തുടർന്ന് ചോളസിംഹാസനത്തിനുവേണ്ടി നടന്ന അധികാരമത്സരത്തിൽ ചെങ്കുട്ടുവൻ ചോളരാജ്യം ആക്രമിക്കുകയും ഒൻപത് രാജാക്കൻമാരെ തോല്പിച്ച്, തന്റെ സ്യാലനെ അവിടെ അധികാരത്തിൽ വാഴിക്കുകയും ചെയ്തു.
കോവലന്റെ പത്നിയായ പത്തിനിദേവിയുടെ പ്രതിമ നിർമ്മിക്കുന്നതിനുവേണ്ട ശില അന്വേഷിച്ചുകൊണ്ടുള്ള ഉത്തരേന്ത്യൻ പര്യടനം ചെങ്കുട്ടുവനെ പ്രശസ്തനാക്കി. പതിറ്റുപ്പത്തിന്റെ പതികത്തിലും ചിലപ്പതികാരത്തിലും ഇതു വർണിച്ചിരിക്കുന്നു. എന്നാൽ പതിറ്റുപ്പത്തിലെ അഞ്ചാം പത്തിന്റെ കർത്താവായ പരണർ ചെങ്കുട്ടുവന്റെ വിജയങ്ങളെ വർണിക്കുന്ന കൂട്ടത്തിൽ ഈ സംഭവം പരാമർശിച്ചിട്ടില്ല. കൊടുങ്ങല്ലൂരിലായിരുന്നു ഈ പ്രതിഷ്ഠ. അവിടത്തെ പ്രസിദ്ധമായ ഭഗവതിക്ഷേത്രത്തിന്റെ ഉദ്ഭവം അതോടെ ആയിരിക്കാമെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു.
ഒരു പ്രസിദ്ധ നാവികനായിരുന്ന ചെങ്കുട്ടുവൻ കടൽക്കൊള്ള അവസാനിപ്പിച്ചു. ഇദ്ദേഹത്തിനു ചെങ്കുട്ടുവൻ എന്ന പേരു സിദ്ധിച്ചത് ചുവന്ന നിറം മൂലമായിരുന്നുവെന്ന് ഒരു വാദഗതി നിലവിലുണ്ട്; ധർമനിഷ്ഠയുടെ ഫലമായി ആ പേര് സിദ്ധിച്ചുവെന്ന് വേറൊരു കൂട്ടരും വാദിക്കുന്നു. ചെങ്കുട്ടുവന്റെ ഇളയ സഹോദരനായിരുന്നു ചിലപ്പതികാരകർത്താവായ ഇളങ്കോവടികൾ.
ആട്ടുകൊട്ട് പാട്ടു ചേരലാതൻ
[തിരുത്തുക]ഇമയവരമ്പൻ നെടുഞ്ചേരലാതന്റെ മൂന്നാമത്തെ പുത്രനും നാർമുടിച്ചേരലിന്റെ സഹോദരനും ചെങ്കുട്ടുവന്റെ പിൻഗാമിയുമായ ഇദ്ദേഹം 38 വർഷം രാജ്യം ഭരിച്ചു. പതിറ്റുപ്പത്ത് ആറാം പത്തിൽ കാക്കൈപാടിനിയാർ നാച്ചെളൈയാർ എന്ന കവയിത്രി ഈ രാജാവിനെ സ്തുതിച്ചിരിക്കുന്നു. ഈ രാജാവിന്റെ പൊതുവായ വിവരണം മാത്രമേ നറച്ചെളൈയാരുടെ ഗാനത്തിലുള്ളു. വെണ്ണിപ്പോരിൽ കരികാർ പെരുവളത്താൻ എന്ന ചോളനാൽ തോല്പിക്കപ്പെട്ട ചേരമാൻ പെരുഞ്ചേരലാതൻ തന്നെയാണ് ആട്ടുകൊട്ട് പാട്ടു ചേരലാതൻ എന്ന് കെ.ജി. ശേഷയ്യർ അഭിപ്രായപ്പെടുന്നു. ഈ രാജാവ് പ്രത്യേകിച്ച് ഒരു യുദ്ധവുമായി ബന്ധപ്പെട്ടു കാണുന്നില്ല. സമാധാനപ്രിയനായ ചേരലാതൻ രാജ്യത്തെ വാണിജ്യം അഭിവൃദ്ധിപ്പെടുത്തുകയും സാമ്പത്തികനില ഭദ്രമാക്കുകയും ചെയ്തു. ആട്ടുകൊട്ട് പാട്ടു ചേരലാതൻ എന്ന പേരിന്റെ ഉദ്ഭവത്തെപ്പറ്റി ചരിത്രകാരൻമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ശത്രുക്കൾ പിടിച്ചെടുത്ത ആടുകളെ തിരിച്ചെടുത്തതുകൊണ്ടാണ് ഈ പേരു ലഭിച്ചതെന്ന് ഒരഭിപ്രായം; യുദ്ധക്കളത്തിൽ വിജയം നേടിയ ഉടൻതന്നെ വാളുമേന്തി നൃത്തം ചെയ്യുന്നവനായതുകൊണ്ടാണ് ഈ പേരുണ്ടായതെന്നു രണ്ടാമത്തെ കൂട്ടരും വാദിക്കുന്നു. ആട്ടുകൊട്ട് പാട്ടു ചേരലാതന്റെ കാലശേഷം ആദിചേരൻമാരുടെ പ്രധാന പരമ്പര അപ്രത്യക്ഷമായി. ചെങ്കുട്ടുവന്റെ പുത്രനായ കുട്ടുവഞ്ചേരൽ സന്ന്യാസിയായിത്തീർന്നു. തുടർന്നുളള കാലഘട്ടത്തിൽ ഇരുമ്പൊറൈ എന്നറിയപ്പെടുന്ന പുതിയൊരു ചേരരാജപരമ്പര അധികാരത്തിൽ വന്നു.
ചെൽവക്കടുങ്കോവാഴിയാതൻ ചേരമാൻ ഇരുമ്പൊറൈ
[തിരുത്തുക]ആട്ടുകൊട്ട് പാട്ടു ചേരലാതനു പുരുഷസന്താനം ഉണ്ടായിരുന്നില്ല; ചെങ്കുട്ടുവന്റെ ഏകപുത്രൻ സന്ന്യാസിയാവുകയും ചെയ്തു. അതിനാൽ ചേരരാജവംശത്തിലെ മൂത്ത പുരുഷപ്രജ ആണ്ടുവൻചേരലിന്റെ പുത്രനായ ചെൽവക്കടുങ്കോവാഴിയാതൻ രാജാവായി. ഇദ്ദേഹം മാതാവിൽനിന്ന് ഇരുമ്പൊറൈ എന്ന സ്ഥാനപ്പേർ സ്വീകരിച്ച്, പിതാവിൽനിന്നും ലഭിച്ച ചേരമാൻ എന്ന സ്ഥാനപ്പേരുമായി അതിനെ സംയോജിപ്പിച്ച് ചേരമാൻ ഇരുമ്പൊറൈ എന്ന പേരാക്കി മാറ്റി. ചേരമാൻ ഇരുമ്പൊറൈ ശാഖയിലെ ആദ്യത്തെ രാജാവായിരുന്നു ഇദ്ദേഹം. ഒരു വിഖ്യാതയോദ്ധാവായിരുന്ന ചേരമാൻ ഇരുമ്പൊറൈ ഏഴുമുടിപ്പതക്കം അണിഞ്ഞിരുന്നു. ആദ്യകാല ചേരരാജാക്കൻമാർ കീഴടക്കിയ ഏഴു മുഖ്യൻമാരുടെയുംമേൽ ആധിപത്യം തുടർന്നു. ചെൽവക്കടുങ്കോയും ഇദ്ദേഹത്തിന്റെ പിൻഗാമികളും കരുവൂർ തലസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്. ഇദ്ദേഹം രാജാവായതിനെത്തുടർന്നു ചോളൻമാരും പാണ്ഡ്യൻമാരും ചേർന്ന് കരുവൂരിനെ ആക്രമിച്ചു. ചെൽവക്കടുങ്കോ ഈ യുദ്ധത്തിൽ ആക്രമണകാരികളെ തോല്പിക്കുകയും ചെയ്തു. ഒകന്തൂർ ഗ്രാമത്തിന്റെ ആദായം ഒരു വിഷ്ണുക്ഷേത്രത്തിന് ഇദ്ദേഹം വിട്ടുകൊടുത്തു. തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം.
ചെൽവക്കടുങ്കോയുടെ ആസ്ഥാനകവിയും ഉപദേഷ്ടാവും കപിലരായിരുന്നു. നൃത്തസംഗീതാദികലകളുടെ പരിപോഷകനായിരുന്നു ഈ രാജാവ്. പുകഴൂർ എന്ന സ്ഥലത്തുനിന്ന് അടുത്തകാലത്ത് കണ്ടുകിട്ടിയ ലിഖിതത്തിൽ പരാമർശിക്കപ്പെട്ട ആതൻചേരൽ ഇരുമ്പൊറൈ ചെൽവക്കടുങ്കോയായിരിക്കുമെന്നു ചരിത്രകാരൻമാർ ഊഹിക്കുന്നു.
പെരുഞ്ചേരൽ ഇരുമ്പൊറൈ
[തിരുത്തുക]ചെൽവക്കടുങ്കോയുടെയും വേളാവിക്കോമാൻ പതുമൻ ദേവിയുടെയും പുത്രനായ പെരുഞ്ചേരൽ തകടൂരിലെ എഴിനിയെ പരാജയപ്പെടുത്തിയതോടുകൂടി പ്രസിദ്ധനായി. പിതാവായ ചെൽവക്കടുങ്കോ പെരുഞ്ചേരൽ ഇരുമ്പൊറൈ എന്ന പേരിലും അറിയപ്പെട്ടിരുന്നതിനാൽ ഈ രാജാവിനെ പെരുഞ്ചേരൽ ഇരുമ്പൊറൈ കക എന്ന് വിളിക്കുന്നു. പെരുഞ്ചേരലും എഴിനിയും തമ്മിൽ നടന്ന യുദ്ധത്തിൽ പാണ്ഡ്യന്മാരും ചോളൻമാരും അതികമാനെ സഹായിച്ചിരുന്നു. ഈ സംയുക്തസേനയെ പരാജയപ്പെടുത്തി തകടൂർ നശിപ്പിക്കാൻ കഴിഞ്ഞതാണ് പെരുഞ്ചേരലിന്റെ നേട്ടം. കഴുവുൾ നടത്തിയ കലാപം ഇദ്ദേഹം അടിച്ചമർത്തി; അയാളുടെ കോട്ട പിടിച്ചെടുക്കുകയും ചെയ്തു. പൂഴിനാടിന്റെയും കൊല്ലിമലയുടെയും കുതിരമലയുടെയും പുകാറിന്റെയും നായകനായി കവികൾ ഇദ്ദേഹത്തെ സ്തുതിച്ചിരുന്നു. പെരുഞ്ചേരൽ 17 വർഷം രാജ്യം വാണു. പതിറ്റുപ്പത്തിന്റെ എട്ടാംപത്തിൽ അരിശിൽ കീഴാർ പ്രകീർത്തിച്ചിട്ടുള്ള രാജാവും ഇദ്ദേഹമാണ്. മോശികീരനാർ എന്ന കവി, രാജാവില്ലാത്ത സന്ദർഭത്തിൽ രാജധാനിയിൽ ആഗതനായി, സിംഹാസനത്തിൽ ഇരുന്ന് ഉറങ്ങിപ്പോയി എന്ന് പറയപ്പെടുന്നു. പെരുഞ്ചേരൽ, ഉറങ്ങിക്കിടന്ന കവിയെക്കണ്ട് ഉണരുന്നതുവരെ ഇദ്ദേഹത്തിനു വീശിക്കൊടുത്തുവെന്നും ഒരു കഥയുണ്ട്.
ഇളഞ്ചേരൽ ഇരുമ്പൊറൈ
[തിരുത്തുക]പെരുഞ്ചേരലിന് ആണ്ടുവൻ ചെള്ളൈയിൽ ജനിച്ച പുത്രനാണിദ്ദേഹം. കൊങ്ങർകോവൈ, കുട്ടുവരേരൈ, പൂഴിയർകോവൈ എന്നീ സ്ഥാനപ്പേരുകൾ ഇദ്ദേഹം സ്വീകരിച്ചിരുന്നതിനാൽ കൊങ്ങുനാട്, പൂഴിനാട്, കുട്ടനാട് എന്നീ പ്രദേശങ്ങൾ അദ്ദേഹം ഭരിച്ചിരുന്നതായി കണക്കാക്കാം. വിച്ചി, പെരുംചോഴൻ, ഇളംപഴയൻ എന്നിവരെ ഇദ്ദേഹം പരാജയപ്പെടുത്തി. പുകാർ നഗരത്തിൽനിന്ന് 'ചതുക്കപ്പൂത'ത്തിന്റെ ബിംബംകൊണ്ടുവന്ന് കൊടുങ്ങല്ലൂരിൽ പ്രതിഷ്ഠിച്ചത് ഇളഞ്ചേരലാണെന്നു കരുതപ്പെടുന്നു. പെരുംകുന്റൂർ കിഴാർ എഴുതിയ ഒമ്പതാംപത്തിൽ പ്രകീർത്തിതനായ രാജാവ് ഇദ്ദേഹമാണ്.
യാനൈക്കാഴ്ചൈമാന്തരഞ്ചേരൽ ഇരുമ്പൊറൈ
[തിരുത്തുക]ചേരനാടിന്റെ അവസാനത്തെ പ്രതാപശാലിയായ രാജാവ്. പതിറ്റുപ്പത്തിലെ നഷ്ടപ്പെട്ട പത്താം ദശകത്തിൽ പരാമൃഷ്ടനായിട്ടുള്ളത് ഈ രാജാവായിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. ഇദ്ദേഹം ആനയെപ്പോലെ ഇരുന്നതുകൊണ്ടായിരിക്കണം ആ പേരു സിദ്ധിച്ചതെന്ന് ഒരു വാദമുണ്ട്. ഇളഞ്ചേരലും ഈ രാജാവും തമ്മിലുള്ള ബന്ധംപോലും വ്യക്തമല്ല. മാന്തൈ നഗരം തിരികെ പിടിച്ചതുകൊണ്ടാവണം ഇദ്ദേഹത്തിനു മാന്തരം എന്ന പേരു കിട്ടിയത്. ഒരു യോദ്ധാവായിരുന്ന ഇദ്ദേഹം വിളങ്ങിൽ യുദ്ധത്തിൽ ചോള രാജാവിനെയും മറ്റൊരു യുദ്ധത്തിൽ പെരുനാർ കിളളിയെയും തോല്പിച്ചതായി പറയപ്പെടുന്നു. വ. മലബാറിലെ തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം; കൊല്ലിമലയും (സേലംജില്ല) ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഐങ്കുറുനൂറ് എന്ന കാവ്യം കൂടല്ലൂർ കിഴാർ സമാഹരിച്ചത് ഈ രാജാവിന്റെ ആജ്ഞ്രപ്രകാരമാണ്. ഇദ്ദേഹത്തെ പാണ്ഡ്യരാജാവായ നെടുഞ്ചേഴിയൻ തലൈയാലങ്കാനം യുദ്ധത്തിൽ തോല്പിച്ചു തടവുകാരനാക്കി. തടവുചാടി രക്ഷപ്പെട്ട ഇദ്ദേഹം വീണ്ടും ചേരരാജാവായി. അവസാനത്തെ മഹാനായ ചേരരാജാവെന്നു പ്രസിദ്ധനായ ഇദ്ദേഹത്തിനുശേഷം ദുർബലരായ ചിലരാണ് രാജ്യം ഭരിച്ചത്.
കോക്കോതൈമാർവൻ, കുട്ടുവൻകോത, ഇളംകുട്ടുവൻ, ചേരമാൻ ചാത്തൻ, കുട്ടുവൻ കണ്ണൻ, നമ്പികുട്ടുവൻ ചേരമാൻ എന്തൈ തുടങ്ങി ചില അപ്രധാന രാജാക്കൻമാരും ഈ പരമ്പരയിൽപ്പെടും. തമിഴിലുള്ള നാവലർചരിതൈയിൽ ചേരൻമാർ കളഭ്രർക്ക് കീഴ്പ്പെട്ടതായി പ്രസ്താവമുണ്ട്. കടമ്പർ തുളുനാടും കീഴടക്കി, കൊങ്ങുനാട് സ്വതന്ത്രവുമായി. അതോടെ ചേരശക്തി അസ്തമിച്ചു. സംഘകാലഘട്ടത്തിൽ ഉതിയൻചേരലിന്റെ ശാഖ 201 കൊല്ലം ഭരിച്ചതായും ഇരുമ്പൊറൈ ശാഖ 58 കൊല്ലം ഭരിച്ചതായും കണക്കാക്കപ്പെടുന്നു.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആദിചേരൻമാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |