അപരാധം
ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തതു ചെയ്യുന്നതും ചെയ്യേണ്ടതിൽ കുറ്റവും കുറവും വരുത്തുന്നതും അപരാധം ആണ്. മന്ത്രലോപം, തന്ത്രലോപം, ക്രിയാലോപം, വിധിവിപര്യയം, വിസ്മൃതി, സ്കന്നം, ഭിന്നം തുടങ്ങിയവ ശ്രൌതങ്ങളോ, സ്മാർത്തങ്ങളോ ആയ അനുഷ്ഠാനങ്ങളിൽ പ്രമാദംമൂലം സംഭവിക്കാവുന്ന അപരാധങ്ങളാണ്. അവയ്ക്കെല്ലാം പ്രായശ്ചിത്തങ്ങൾ വിധിച്ചിട്ടുണ്ട്.
ആഗമങ്ങളിൽ അപരാധത്തെക്കുറിച്ചു സവിസ്തരമായ പ്രതിപാദനം കാണുന്നു. ദേവാലയങ്ങളിൽ വാഹനത്തിലോ, പാദുകം ധരിച്ചോ ചെല്ലുക, ഉത്സവങ്ങളിൽ പങ്കുകൊള്ളാതിരിക്കുക, മൂർത്തിയുടെ മുമ്പിൽ നമസ്കരിക്കാതിരിക്കുക, നിവേദിക്കുന്നതിനുമുൻപ് ഭക്ഷിക്കുക, ഉറക്കെ സംസാരിക്കുക, പുറംതിരിഞ്ഞു നിൽക്കുക, ആത്മപ്രശംസ, പരനിന്ദ മുതലായവ ചെയ്യുക എന്നിങ്ങനെ നിരവധി അപരാധങ്ങൾ വർജ്യങ്ങളായി അവയിൽ പറഞ്ഞിട്ടുണ്ട്. അപരാധങ്ങളുടെ ഗുരുത്വലഘുത്വങ്ങളനുസരിച്ച് പ്രായശ്ചിത്തങ്ങൾ സ്മൃതികളിൽ അതതിടത്ത് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും സർവോപരി ഇഷ്ടദേവതയോടു ക്ഷമ യാചിക്കുക എന്നതു കർമസമാപ്തിയിൽ ചെയ്യുന്ന ഒന്നാണ്.
“ | അപരാധസഹസ്രാണി ക്രിയന്തേ∫ഹർന്നിശം മായാ ദാസോയമിതി മാം മത്വാ ക്ഷമസ്വപരമേശ്വര- |
” |
എന്ന സുപ്രസിദ്ധമായ പദ്യം ഇതിന് ഉപയോഗിക്കാറുണ്ട്. ദേവതയുടെ വ്യത്യാസമനുസരിച്ച് പരമേശ്വര എന്നത് പരമേശ്വരി, ഗണനായക എന്നിങ്ങനെ സന്ദർഭാനുസരണം മാറുമെന്നേയുള്ളു.
പൂജ്യപൂജാവ്യതിക്രമം വലിയ ഒരു അപരാധമാണെന്നും അതിന്റെ ഫലമായിട്ടാണ് ദിലീപന് ചിരകാലം അനപത്യതാദുഃഖം അനുഭവിക്കേണ്ടിവന്നത് എന്നും കാളിദാസൻ രഘുവംശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദൃഷ്ടാന്തകഥാരൂപത്തിൽ അനേകം വിധത്തിലുള്ള അപരാധങ്ങളെയും അവയുടെ ഫലങ്ങളെയും പ്രായശ്ചിത്തങ്ങളെയും വിശദീകരിക്കുന്നതായിക്കാണാം. അപരാധങ്ങളെക്കുറിച്ചുള്ള സങ്കല്പവും സമീപനവും ആധുനിക ലോകത്തിൽ വ്യത്യസ്തമാണെന്നുള്ള സംഗതിയും സ്മർത്തവ്യമാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപരാധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |